വിനേഷ് ഫൊഗട്ട് പാരീസ് ഒളിംപിക്സിൽ അവിസ്മരണീയമായ രണ്ട് വിജയങ്ങൾ നേടി ഇന്ത്യൻ സംഘത്തിൽ തിളങ്ങി നിൽക്കുകയാണ്. മാസങ്ങൾക്ക് മുമ്പ് ദില്ലിയിലെ സമരപ്പന്തലിൽ കരഞ്ഞുകൊണ്ട് മാധ്യമങ്ങൾക്ക് മുന്നിൽ നിന്ന സമര പോരാളിയിൽ നിന്ന് ഏത് തിരിച്ചടിയെയും ഊർജ്ജമാക്കി മുന്നേറാനുള്ള കരുത്തോടെയുള്ള കുതിപ്പാണ് ഇപ്പോൾ കാണുന്നത്. നിലവിലെ ചാംപ്യനും ടോപ് സീഡുമായ ജപ്പാന്റെ യുഇ സുസകിയെ അട്ടിമറിച്ചാണ് വിനേഷ് ഫൊഗട്ടിന്റെ മുന്നേറ്റം ആരംഭിച്ചത്.
കഴിഞ്ഞ 82 അന്താരാഷ്ട്ര മത്സരങ്ങളിലും വിജയം മാത്രം കണ്ട യുഇ സുസുകിയുടെ ജൈത്രയാത്രയാണ് വിനേഷിന് മുന്നിൽ അവസാനിച്ചത്. 2-3 സ്കോറിന് യുഇയെ വിനേഷ് മലർത്തിയടിച്ചു. തൊട്ടുപിന്നാലെ മുൻ യൂറോപ്യൻ ചാംപ്യനും 2018 ലോക ചാംപ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവുമായ ലിവാചയെ 7-5 സ്കോറിന് വിനേഷ് പരാജയപ്പെടുത്തി. ഇതോടെ സെമി ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ് ഇന്ത്യൻ താരം.
കഴിഞ്ഞ രണ്ട് ഒളിംപിക്സിലും നിരാശയോടെ മടങ്ങേണ്ടി വന്ന വിനേഷിന് ഇപ്പോൾ ഒരു ഒളിംപിക് മെഡൽ ഒരു ജയം മാത്രം അകലെയാണ്. ബജ്റംഗ് പുനിയ, സാക്ഷി മാലിക് എന്നിവർക്കൊപ്പം ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷണെതിരെ ദില്ലിയിൽ സമരം നയിച്ചത് വിനേഷ് ഫൊഗട്ടായിരുന്നു. വിനേഷിന്റെ വൻ വിജയത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ആദ്യം അഭിനന്ദനം അറിയിച്ച് രംഗത്ത് വന്നത് ബജ്റംഗ് പുനിയയാണ്. സ്വന്തം നാട്ടിൽ റോഡിലൂടെ വലിച്ചിഴക്കപ്പെട്ട ആ പെൺകുട്ടിയാണ് ഇപ്പോൾ ലോകം കീഴടക്കാൻ പോകുന്നതെന്ന് അദ്ദേഹം കുറിച്ചു.
Story Highlights: Vinesh Phogat’s historic win in Paris Olympics after facing adversity in her own country
Image Credit: twentyfournews