വിനേഷ് ഫോഗട്ട് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് മെഡൽ ഉറപ്പിച്ചു. 50 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ സെമിഫൈനലിൽ ക്യൂബൻ താരം ഗുസ്മാൻ ലോപ്പസിനെ 05-01 എന്ന സ്കോറിന് തോൽപ്പിച്ചാണ് വിനേഷ് ഫൈനലിലെത്തിയത്. ഒളിമ്പിക്സ് ഗുസ്തിയിൽ ഇന്ത്യൻ വനിതാ താരം ഫൈനലിലെത്തുന്നത് ആദ്യമായാണ്. നാളെ രാത്രിയാണ് ഫൈനൽ പോരാട്ടം നടക്കുക.
ഒളിംപിക്സ് ഗുസ്തിയിൽ ഇന്ത്യയ്ക്ക് വലിയ പാരമ്പര്യമുണ്ട്. ഇതുവരെ രണ്ട് വെള്ളിയും അഞ്ച് വെങ്കലവുമുൾപ്പെടെ ഏഴ് മെഡലുകളാണ് ഇന്ത്യ നേടിയിട്ടുള്ളത്. ഇപ്പോൾ ഇന്ത്യയ്ക്ക് ആദ്യമായി ഗുസ്തിയിൽ സ്വർണം കിട്ടുമോ എന്ന കാത്തിരിപ്പാണ്. ക്വാർട്ടറിൽ ലോക ഒന്നാം നമ്പർ താരത്തെ തോൽപ്പിച്ചെത്തിയതിന്റെ ആത്മവിശ്വാസം ഇന്ന് വിനേഷിൽ പ്രകടമായിരുന്നു.
വിനേഷ് ഫോഗട്ട് ബജ്റംഗ് പുനിയ, സാക്ഷി മാലിക് എന്നിവർക്കൊപ്പം ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷണെതിരെ ദില്ലിയിൽ സമരം നയിച്ചിരുന്നു. വനിതാ താരങ്ങൾക്കെതിരായ ലൈംഗികാതിക്രമ പരാതി ഉന്നയിച്ചായിരുന്നു സമരം. പാർലമെന്റിലേക്ക് ഇവർ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതും താരങ്ങളെ അറസ്റ്റ് ചെയ്തതും വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു.
Story Highlights: Vinesh Phogat secures medal for India in 50kg freestyle wrestling at Paris Olympics
Image Credit: twentyfournews