കന്നഡ നടൻ ദർശൻ തൂഗുദീപയ്ക്ക് ജയിലിൽ വിഐപി പരിഗണന ലഭിക്കുന്നതായി റിപ്പോർട്ട്. ആരാധകൻ രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ദർശൻ, ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുകയാണ്. ഗുണ്ടാസംഘ തലവൻ വിൽസൺ ഗാർഡൻ നാഗ ഉൾപ്പെടെയുള്ളവരുമായി ചേർന്ന് നടൻ സിഗരറ്റ് വലിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് വിവാദമുണ്ടായത്.
ജയിലിലെ പുതൽത്തകിടിയിൽ കസേരയിൽ ഇരിക്കുന്ന ദർശനെയാണ് ചിത്രത്തിൽ കാണുന്നത്. ഒരു കൈയിൽ കപ്പും മറുകൈയിൽ സിഗരറ്റും പിടിച്ചിരിക്കുന്ന നടൻ വീഡിയോ കോൾ ചെയ്യുന്നതായ മറ്റൊരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ഏഴ് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായി കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര അറിയിച്ചു.
വിവാദമായതോടെ കർണാടക ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കൊല്ലപ്പെട്ട രേണുകാ സ്വാമിയുടെ പിതാവ് ശിവനഗൗഡരു വിമർശനവുമായി രംഗത്തെത്തി. ജയിലിൽ പ്രതികൾക്ക് റിസോർട്ടിന് സമാനമായ സൗകര്യങ്ങൾ നൽകുന്നത് സിബിഐ അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വനിതാ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് മോശം സന്ദേശം അയച്ചതിനെ തുടർന്നായിരുന്നു ദർശൻ, രേണുകസ്വാമിയെ കൊലപ്പെടുത്തിയത്. വിവാഹിതനായ ദർശനും പവിത്രയും തമ്മിലുള്ള ബന്ധം ഇഷ്ടപ്പെടാതെയാണ് ആരാധകനായ രേണുകാസ്വാമി സന്ദേശം അയച്ചത്.
Story Highlights: Jailed Kannada actor Darshan receives VIP treatment, sparking controversy and investigation