വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന് പിന്നിൽ വൻ സാമ്പത്തിക ബാധ്യതയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. അഫാന്റെയും അമ്മയുടെയും സാമ്പത്തിക ഇടപാടുകളാണ് ബാധ്യതയ്ക്ക് കാരണമെന്നും പോലീസ് കണ്ടെത്തി. കടത്തിൽ നിൽക്കുമ്പോഴും അഫാൻ രണ്ട് ലക്ഷം രൂപയുടെ ബൈക്ക് വാങ്ങിയിരുന്നു. കൊല നടന്ന ദിവസം 50,000 രൂപ കടം തിരികെ നൽകാനുണ്ടായിരുന്നുവെന്ന് അഫാൻ മൊഴി നൽകി.
പിതാവ് റഹീമിനോടൊപ്പം പോലീസ് അഫാനെയും ചോദ്യം ചെയ്തു. “എല്ലാം തകർത്തു കളഞ്ഞില്ലേ?” എന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് റഹീം അഫാനോട് ചോദിച്ചു. “ഉമ്മയും അനുജനും തെണ്ടുന്നത് കാണാൻ വയ്യ” എന്നായിരുന്നു അഫാന്റെ മറുപടി.
കൊലപാതകത്തിന് തലേദിവസം കാമുകിയിൽ നിന്ന് 200 രൂപ കടം വാങ്ങിയ അഫാൻ അതിൽ 100 രൂപയ്ക്ക് വണ്ടിയിൽ പെട്രോൾ അടിച്ചു. ഉമ്മയെയും കൊണ്ട് ബന്ധുവീട്ടിൽ കടം ചോദിക്കാൻ പോയെന്നും ബാക്കി 100 രൂപയ്ക്ക് ഉമ്മയ്ക്കൊപ്പം ദോശ കഴിച്ചെന്നും അഫാൻ പറഞ്ഞു. കടക്കാർ വരുന്നതിന് മുമ്പാണ് കൊലപാതകങ്ങൾ നടത്തിയതെന്നും അഫാൻ മൊഴി നൽകിയിട്ടുണ്ട്.
അഫാന്റെയോ അമ്മയുടേയോ കൈവശം ഒടുവിൽ പണമില്ലാതായി എന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.
Story Highlights: Financial burden led to Venjaramoodu murders, police say.