വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതിയായ അഫാൻ ഇന്ന് രാവിലെ ആറരയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് പാങ്ങോട് പോലീസ് സ്റ്റേഷനിൽ വെച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ബി.പി വ്യത്യാസമാണ് കണ്ടെത്തിയതെന്ന് ഡോക്ടർമാർ അറിയിച്ചു. മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ് അഫാൻ ഇപ്പോൾ.
പിന്നീട് പ്രതിയെ തിരികെ സ്റ്റേഷനിൽ എത്തിച്ചു. കൊലപാതകം നടന്ന പാങ്ങോടുള്ള വീട്ടിലും ധനകാര്യ സ്ഥാപനത്തിലും ഇന്ന് അഫാനുമായി തെളിവെടുപ്പ് നടത്താനിരിക്കുകയാണ്. കസ്റ്റഡിയിലെടുത്തതിനെ തുടർന്നുള്ള ചോദ്യം ചെയ്യലിൽ കൊലപാതകത്തിന്റെ കാരണം അഫാൻ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.
കൂട്ടക്കൊല നടന്ന ദിവസം ഉമ്മയെ ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം ചുറ്റികയുമായി നേരെ പിതൃമാതാവിന്റെ വീട്ടിലേക്കാണ് അഫാൻ പോയത്. അവിടെയാണ് ആദ്യം തെളിവെടുപ്പ് നടത്തുക. അഫാന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് തെളിവെടുപ്പിന് തൊട്ടുമുമ്പാണ്.
അതേസമയം, ചികിത്സയിൽ കഴിയുന്ന ഷെമിയോട് ഇളയ മകൻ മരിച്ച വിവരം കുടുംബം അറിയിച്ചിട്ടുണ്ട്. മക്കളെ തിരക്കിയപ്പോൾ രണ്ടുപേരും അപകടത്തിൽപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നാണ് പിതാവ് ആദ്യം പറഞ്ഞത്. മെഡിക്കൽ കോളേജിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഷെമി നിർദ്ദേശിച്ചപ്പോഴാണ് ഇളയ മകൻ മരിച്ച വിവരം അബ്ദുൽ റഹീം പറഞ്ഞത്.
Story Highlights: Afan, the accused in the Venjaramoodu murders, experienced discomfort and underwent a medical examination.