◼️ ഭർത്താവിൻ്റെ പിടിവാശി കാരണമാണ് വീട്ടിൽ പ്രസവം നടത്തേണ്ടി വന്നതെന്ന് സ്ത്രീയുടെ ബന്ധുക്കൾ.
◼️ കുഞ്ഞ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ.
എറണാകുളം◼️ മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ച സ്ത്രീ മരിച്ചു. എറണാകുളം പെരുമ്പാവൂർ സ്വദേശിനിയായ അസ്മയാണ് മരിച്ചത്. ആശുപത്രിയിൽ പോയി പ്രസവിക്കുന്നതിന് ഇവരുടെ ഭർത്താവ് സിറാജ് എതിരായിരുന്നു. അഞ്ചാമത്തെ പ്രസവത്തിലാണ് അസ്മ മരിച്ചത്. കുഞ്ഞ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിന് നിലവിൽ ആരോഗ്യ പ്രശ്നങ്ങളില്ല എന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. അസ്മ മരിച്ചതിന് പിന്നാലെ ആരെയും വിവരമറിയിക്കാതെ മൃതദേഹം പെരുമ്പാവൂരിലെത്തിച്ച് സംസ്കരിക്കാനായിരുന്നു സിറാജിന്റെ ശ്രമം. എന്നാൽ അസ്മയുടെ വീട്ടുകാരും നാട്ടുകാരും അത് തടഞ്ഞു. തുടർന്ന് സംഭവത്തിൽ ഇടപെട്ട പൊലീസ് മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആലപ്പുഴയാണ് സിറാജുദ്ദീന്റെ സ്വദേശം. കുറച്ചു കാലമായി മലപ്പുറം ചട്ടിപ്പറമ്പിൽ വാടകയ്ക്ക് താമസിക്കുകയാണ് കുടുംബം.
ഇവരുടെ ആദ്യ മൂന്നുപ്രസവങ്ങൾ ആശുപത്രിയിൽ വെച്ചായിരുന്നു. നാലാമത്തെ പ്രസവം വീട്ടിൽ വച്ച് നടന്നു. ഇതിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇതിനിടെ ആണ് അഞ്ചാമത്തെ പ്രസവവും വീട്ടിൽ മതിയെന്ന് ഭർത്താവ് തീരുമാനിച്ചത്. എന്നാൽ ഇക്കാര്യത്തിൽ സ്ത്രീയുടെ ബന്ധുക്കൾ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും ഭർത്താവ് അത് വക വച്ചില്ലെന്നാണ് വിവരം.
സംഭവത്തിൽ യുവതിയുടെ വീട്ടുകാരുടെ മൊഴി എടുക്കുമെന്ന് പെരുമ്പാവൂർ പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്. അസ്മയ്ക്കും സിറാജുദ്ദീനും അഞ്ച് കുട്ടികൾ ഉള്ള കാര്യം അറിയില്ലായിരുന്നു എന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. അഞ്ചാമത് കുഞ്ഞ് ജനിച്ചതായി സിറാജുദ്ദീൻ വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.
Story Highlights: A woman died after giving birth at home in Malappuram, Kerala, allegedly due to her husband’s insistence against hospital delivery.