എസ്എൻഡിപിയുടെ മൂല്യം സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. എന്നാൽ എസ്എൻഡിപിയെ കാവി മൂടാനോ ചുവപ്പ് മൂടാനോ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈഴവ സമുദായത്തിൽ നിന്ന് വോട്ട് ചോർന്നത് ശരിയാണെന്നും അതിന്റെ കാരണം കണ്ടെത്തി പരിഹരിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
സത്യം പറയുമ്പോൾ തന്നെ സംഘപരിവാർ എന്ന് വിളിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് തോൽവി സാധാരണക്കാരനെ മറന്നതിന്റെ ഫലമാണെന്ന് വെള്ളാപ്പള്ളി വിമർശിച്ചു. മാവേലി സ്റ്റോറുകളിൽ പാറ്റ പോലുമില്ലെന്ന് പരിഹസിച്ച അദ്ദേഹം, പരാജയത്തിന്റെ കാരണം അണികൾക്കറിയാമെന്നും സംസ്ഥാന സെക്രട്ടറിക്ക് എല്ലാം പുറത്ത് പറയാനാകില്ലെന്നും സൂചിപ്പിച്ചു.
സമുദായം പ്രസക്തമെന്ന് സിപിഐഎമ്മിന് മനസിലായെങ്കിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലിം സമുദായത്തെ പ്രീണിപ്പിക്കാൻ എന്തൊക്കെ ചെയ്തെന്നും അതിൽ നിന്ന് എന്തെങ്കിലും നേട്ടമുണ്ടായോ എന്നും വെള്ളാപ്പള്ളി ചോദിച്ചു. തന്റെ കുടുംബത്തെ നന്നാക്കാൻ ആരും ശ്രമിക്കേണ്ടതില്ലെന്നും നിലപാടിൽ നിന്ന് മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കാലഘട്ടം മാറുമ്പോൾ ശൈലി മാറണമെന്നും ആരോടും വിരോധവും വിധേയത്വവും ഇല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. മസിൽ പവറും മണിപവറും മുസ്ലിം സമുദായത്തിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നതാണ് ക്രിസ്ത്യാനികൾ ബിജെപിക്ക് വോട്ട് ചെയ്തതിന്റെ കാരണമെന്നും അദ്ദേഹം വിശദീകരിച്ചു.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ