മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ മൊഴി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) രേഖപ്പെടുത്തി. മാസപ്പടി കേസിലെ നിർണായക നീക്കമായി കണക്കാക്കപ്പെടുന്ന ഈ മൊഴിയെടുക്കൽ ചെന്നൈയിലെ ഓഫീസിലാണ് നടന്നത്. ബുധനാഴ്ച അന്വേഷണ ഉദ്യോഗസ്ഥനായ അരുൺ പ്രസാദ് വീണയുടെ മൊഴി രേഖപ്പെടുത്തി. ഇത് രണ്ടാം തവണയാണ് വീണയെ ചെന്നൈയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്.
എസ്എഫ്ഐഒ അന്വേഷണം ഈ മാസം അവസാനിക്കാനിരിക്കെയാണ് വീണയുടെ മൊഴി രേഖപ്പെടുത്തിയത്. 8 മാസമായിരുന്നു അന്വേഷണത്തിന്റെ സമയപരിധി. അന്വേഷണ റിപ്പോർട്ട് ഭാഗികമായി തയ്യാറായതായാണ് സൂചന. എന്നാൽ, എസ്എഫ്ഐഒ അന്വേഷണം നിയമവിരുദ്ധമാണെന്ന സിഎംആർഎല്ലിന്റെ ഹർജി ഡൽഹി ഹൈക്കോടതിയിലുണ്ട്. ഇതിൽ തീരുമാനമാകും വരെ റിപ്പോർട്ട് സമർപ്പിക്കുന്നതിന് കോടതി നവംബർ 12 വരെ സ്റ്റേ ഏർപ്പെടുത്തിയിരുന്നു.
കേസിൽ ക്രിമിനൽ അന്വേഷണമാണ് എസ്എഫ്ഐഒയുടെ നേതൃത്വത്തിൽ നടക്കുന്നത്. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക്കും സിഎംആർഎല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടാണ് കേന്ദ്ര അന്വേഷണ ഏജൻസി അന്വേഷിക്കുന്നത്. 2017-20 കാലയളവിൽ നൽകാത്ത സേവനത്തിന് വലിയ തുക പ്രതിഫലം നൽകിയെന്ന ഇന്റിം സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തലാണ് ഈ അന്വേഷണത്തിലേക്ക് നയിച്ചത്. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ അന്വേഷണത്തിലെ കണ്ടെത്തലുകൾ എസ്എഫ്ഐഒ കോടതിയെ അറിയിക്കും.
Story Highlights: SFIO records statement of CM Pinarayi Vijayan’s daughter Veena in Masappadi case