നിപ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ കേരളത്തിൽ ശക്തമായി തുടരുകയാണ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചതനുസരിച്ച്, പുതുതായി 8 പേരുടെ നിപ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ് ആയി. ഇതോടെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. നിലവിൽ 8 പേർ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജുകളിലായി ചികിത്സയിലാണ്. പുതുതായി 2 പേർ അഡ്മിറ്റായി.
മലപ്പുറം കളക്ടറേറ്റിൽ ചേർന്ന നിപ അവലോകന യോഗത്തിൽ മന്ത്രി വീണാ ജോർജ് ഓൺലൈനായി പങ്കെടുത്തു. നിലവിൽ 472 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്, അതിൽ 220 പേർ ഹൈറിസ്ക് വിഭാഗത്തിലാണ്. നിപ പ്രതിരോധത്തിന്റെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവർത്തകർ 27,908 വീടുകളിൽ സന്ദർശനം നടത്തി. ഇന്ന് മാത്രം 1477 വീടുകളിൽ സന്ദർശനം നടത്തുകയും 227 പേർക്ക് മാനസിക ആരോഗ്യ സേവനങ്ങൾ നൽകുകയും ചെയ്തു.
സമ്പർക്കപ്പട്ടികയിലുള്ള എല്ലാവരും 21 ദിവസത്തെ ഐസോലേഷൻ മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് മന്ത്രി അറിയിച്ചു. ഡിസ്ചാർജ് ആയവരും ഈ നിർദേശങ്ങൾ പാലിക്കേണ്ടതുണ്ട്. ഇത് പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.