മലപ്പുറത്ത് നിപ ബാധിച്ച 14 വയസ്സുകാരൻ മരണമടഞ്ഞതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇന്ന് രാവിലെ 10.50ന് കുട്ടിക്ക് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചത്. നിപ പ്രോട്ടോകോൾ അനുസരിച്ച് സംസ്കാരം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു കുട്ടി. സംസ്ഥാനത്ത് ആദ്യമായി നിപ സ്ഥിരീകരിച്ചത് 2018-ലാണ്.
നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് 246 പേർ സമ്പർക്ക പട്ടികയിലുണ്ടെന്നും അതിൽ 63 പേർ ഹൈ റിസ്ക് വിഭാഗത്തിലാണെന്നും മന്ത്രി അറിയിച്ചു. സമ്പർക്കത്തിലുള്ളവരിൽ രണ്ടുപേർക്ക് വൈറൽ പനി ബാധിച്ചിട്ടുണ്ട്. കൂടുതൽ പരിശോധനകൾക്കായി 15 പേരുടെ സാമ്പിളുകൾ കൂടി അയച്ചിട്ടുണ്ട്. ആനക്കയം, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പുനെയിൽ നിന്നുള്ള ആൻറിബോഡി മരുന്ന് ഇന്നെത്തുമെന്നും മന്ത്രി അറിയിച്ചു. എൻഐവി പൂനെയുടെ മൊബൈൽ ലാബ് സ്ഥലത്തെത്തും. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും സർവേ നടത്തും. ഐസൊലേഷനിലുള്ളവർക്ക് സഹായത്തിനായി വളണ്ടിയർമാരെ നിയോഗിച്ചിട്ടുണ്ട്. പൊലീസ് പെട്രോളിംഗ് നടത്തുന്നുണ്ട്. ജനങ്ങൾ നന്നായി സഹകരിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.