ഭക്ഷ്യ സ്ഥാപന ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധം; കർശന നടപടി മുന്നറിയിപ്പുമായി മന്ത്രി

Anjana

കേരളത്തിലെ ഭക്ഷ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചതനുസരിച്ച്, നാലാഴ്ചയ്ക്കുള്ളിൽ ഹെൽത്ത് കാർഡ് എടുക്കാത്തവർക്കെതിരെ ഭക്ഷ്യ സുരക്ഷാവകുപ്പ് കർശന നടപടി സ്വീകരിക്കും. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയിൽ ചില ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലെന്നും മറ്റു ചിലർ അത് പുതുക്കിയിട്ടില്ലെന്നും കണ്ടെത്തിയിരുന്നു.

പുതുതായി ജോലിക്കെത്തിയവർക്ക് ഹെൽത്ത് കാർഡ് എടുക്കാനും കാലാവധി കഴിഞ്ഞവർക്ക് പുതുക്കാനുമുള്ള സമയമാണ് നൽകിയിരിക്കുന്നത്. കാരുണ്യ ഫാർമസികൾ വഴി കുറഞ്ഞ നിരക്കിൽ ടൈഫോയ്ഡ് വാക്സിൻ ലഭ്യമാക്കിയിട്ടുണ്ട്. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങി എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഉറപ്പാക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധനകൾ കർശനമായി നടന്നുവരികയാണ്. ജൂൺ മാസം മുതൽ ഇതുവരെ 7,584 പരിശോധനകൾ നടത്തി, 206 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു, 28,42,250 രൂപ പിഴയായി ഈടാക്കി. 1065 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 3798 സർവൈലൻസ് സാമ്പിളുകളും ശേഖരിച്ചു. 741 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും 720 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നൽകി. 54 സ്ഥാപനങ്ങൾക്കെതിരെ പ്രോസിക്യൂഷൻ നടപടികളും 90 സ്ഥാപനങ്ങൾക്കെതിരെ അഡ്ജ്യൂഡിക്കേഷൻ നടപടികളും സ്വീകരിച്ചു.