വിദൂര പ്രദേശങ്ങളിൽ സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
വാഹനങ്ങളിൽ സജ്ജമാക്കിയ ഡയാലിസിസ് മെഷീനുകൾ വഴി രോഗികൾക്ക് എത്തിപ്പെടാൻ കഴിയുന്ന കേന്ദ്രങ്ങളിൽ സേവനം ലഭ്യമാക്കും. നിലവിൽ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 1250-ഓളം ഡയാലിസിസ് മെഷീനുകൾ പ്രവർത്തിക്കുന്നുണ്ട്.
ഈ സാമ്പത്തിക വർഷം തന്നെ 13 പുതിയ സ്ഥലങ്ങളിൽ കൂടി യൂണിറ്റുകൾ ആരംഭിക്കും. 2025-ഓടെ എല്ലാ ആശുപത്രികളിലും ഡയാലിസിസ് സൗകര്യം ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ചെലവേറിയ ഹീമോഡയാലിസിസിന് പകരം താരതമ്യേന ചെലവ് കുറഞ്ഞ പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതിയും സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുണ്ട്. ഇതുവരെ 640 രോഗികൾ ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എല്ലാ പ്രധാന സർക്കാർ മെഡിക്കൽ കോളേജുകളിലും നെഫ്രോളജി വിഭാഗം ഡോക്ടർമാരുടെ സേവനം ലഭ്യമാണെന്നും മന്ത്രി അറിയിച്ചു.