
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ കെപിസിസി വര്ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില് സുരേഷിന്റെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്. കൊടിക്കുന്നില് സുരേഷിന്റെ അഭിപ്രായം തന്റെ ശ്രദ്ധയില്പ്പെട്ടിട്ടില്ലെന്നും കോണ്ഗ്രസിന് അങ്ങനെയൊരു അഭിപ്രായമില്ലെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
എസ്.സി- എസ്.ടി വികസന ഫണ്ട് തട്ടിപ്പ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് നടന്ന ധര്ണ്ണയിലാണ് കൊടിക്കുന്നില് വിവാദ പരമാര്ശം നടത്തിയത്. പട്ടികജാതിക്കാരോട് മുഖ്യമന്ത്രി കടുത്ത അവഗണനയാണ് കാണിക്കുന്നതെന്നും രണ്ടാം പിണറായി സര്ക്കാരിന്റെ മന്ത്രിസഭരൂപീകരണത്തിലും ഇത് വ്യക്തമായിരുന്നുവെന്നും കൊടിക്കുന്നിൽ പറഞ്ഞു.
ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി എ.സമ്പത്തിനെ നിയമിച്ച് ചൂണ്ടിക്കാട്ടിയായിരുന്നു കൊടിക്കുന്നിലിന്റെ വിമര്ശനം. ഇതിന് പിന്നാലെയാണ്, മുഖ്യമന്ത്രി മകളെ പട്ടികജാതിക്കാരന് വിവാഹം ചെയ്ത് നല്കണമായിരുന്നുവെന്നും, സി.പി.എമ്മില് നിരവധി ചെറുപ്പക്കാരുണ്ടെന്നുമാണ് എം.പി പറഞ്ഞത്.
‘സ്വന്തം കസേര ഉറപ്പിക്കാനുള്ള നവോത്ഥാനം മാത്രമാണ് മുഖ്യമന്ത്രി നടത്തുന്നത്. കെ.രാധാകൃഷ്ണന് ദേവസ്വം വകുപ്പ് നൽകിയതാണ് നവോത്ഥാനമെന്നാണ് കമ്മ്യൂണിസ്റ്റ് പാര്ട്ടി പറയുന്നത്. മുഖ്യമന്ത്രി നവോത്ഥാന നായകൻ ചമയുകയാണ്. അദ്ദേഹം നവോത്ഥാന നായകനായിരുന്നുവെങ്കിൽ മകളെ പട്ടികജാതിക്കാരന് കല്ല്യാണം കഴിച്ചു കൊടുക്കുമായിരുന്നു. കൊള്ളാവുന്ന ധാരാളം പട്ടികജാതി ചെറുപ്പക്കാര് ഉള്ള പാര്ട്ടിയാണ് സിപിഎം‘ – ഇതായിരുന്നു കൊടിക്കുന്നിലിൻ്റെ വാക്കുകൾ.
പരാമര്ശം ചര്ച്ചയായതോടെ , നവോത്ഥാന നായകന് എന്ന് പറയുന്നതിലെ ആത്മാര്ത്ഥതയെയാണ് താന് ചോദ്യം ചെയ്തതെന്ന് കൊടിക്കുന്നില് വിശദീകരിച്ചു.നവോത്ഥാനം സ്വന്തം കുടുംബത്തില് നടപ്പാക്കി കാണിക്കണം എന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. കൊടിക്കുന്നിലിന്റെ സ്ത്രീവിരുദ്ധവും വിലകുറഞ്ഞതുമായ പരാമര്ശത്തിനെതിരെ ശക്തമായ പ്രതികരണം ഉയര്ന്നുവരണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
Story highlight : VD Satheeshan rejects Kodikunnil’s controversial statement