പാലക്കാട്ടെ പാതിരാ നാടകത്തിന് ശേഷമുള്ള പുതിയ കഥയാണ് നീല ട്രോളി ബാഗില് പണമെത്തിച്ചു എന്നതുള്പ്പെടെയുള്ള ആരോപണങ്ങളെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പ്രസ്താവിച്ചു. കൊടകരയിലെ പുതിയ വെളിപ്പെടുത്തലിന്റെ ജാള്യത മറയ്ക്കാനാണ് ഈ പുതിയ ആരോപണങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. വി വി രാജേഷും എ എ റഹീമും രഹസ്യം പറഞ്ഞുപോകുന്ന ദൃശ്യം തന്റെ കൈയിലുണ്ടെന്ന് സതീശന് അവകാശപ്പെട്ടു.
സിപിഐഎമ്മിന്റെ ഈ പുതിയ ആരോപണം വടകരയിലെ കാഫിര് സ്ക്രീന് ഷോട്ട് ആരോപണം പോലെയും തൃക്കാക്കരയിലെ വിഡിയോ പോലെയും പോകുമെന്ന് സതീശന് പറഞ്ഞു. നാടകം പൊളിഞ്ഞിട്ടും സിപിഐഎം നേതാക്കള് ചെളിയില് കിടന്ന് ഉരുളുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ട്രോളി ബാഗിന്റെ വിഡിയോ കണ്ട് അതിനെക്കുറിച്ച് സംസാരിക്കാന് സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന് സുരേഷ്ബാബു പാലക്കാട് എസ്പിയാണോ എന്നും സതീശന് ചോദിച്ചു.
പൊലീസിന്റെ കൈയിലുള്ള സിസിടിവി ദൃശ്യങ്ങള് സുരേഷ് ബാബു കണ്ടത് എങ്ങനെയാണെന്നും പൊലീസ് റെയിഡിനെക്കുറിച്ച് കൈരളിയും ഡിവൈഎഫ്ഐയും അറിഞ്ഞത് എങ്ങനെയാണെന്നും പ്രതിപക്ഷനേതാവ് ചോദ്യമുന്നയിച്ചു. തങ്ങളുടെ വനിതാ നേതാക്കളുടെ മുറിയില് ഐഡി പോലുമില്ലാത്ത പൊലീസുകാരെ പാതിരാത്രി കയറ്റിയ മന്ത്രി ചെവിയില് നുള്ളിക്കോയെന്ന് സതീശന് വെല്ലുവിളിച്ചു. കോണ്ഗ്രസിന്റെ വനിതാ നേതാക്കളെ അപമാനിച്ച ഗൂഢാലോചനയ്ക്ക് പിന്നില് മന്ത്രി എം ബി രാജേഷും അളിയനുമാണെന്ന് ആരോപിച്ച സതീശന്, ഇതിന് മന്ത്രിയെക്കൊണ്ട് മറുപടി പറയിപ്പിക്കുമെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാല് മന്ത്രിയെ വഴിയില് തടയുമെന്നും പ്രഖ്യാപിച്ചു.
Story Highlights: Opposition leader V D Satheesan criticizes new allegations by CPM, claims to have evidence against V V Rajesh and A A Rahim