ഇടുക്കി◾: പീരുമേട് എം.എൽ.എ വാഴൂർ സോമൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ വളർന്നു വന്ന അദ്ദേഹം, നിയമസഭയിലും പുറത്തും ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്നതിൽ മാതൃക കാണിച്ചു. അദ്ദേഹത്തിന്റെ ഭൗതിക ശരീരം എം എൻ സ്മാരകത്തിൽ എത്തിച്ചു. നാളെ വൈകുന്നേരം നാലിന് വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കും.
തൊഴിലാളി നേതാവ് എന്ന നിലയിൽ വാഴൂർ സോമൻ തൊഴിൽ അവകാശങ്ങൾക്കായി വിട്ടുവീഴ്ചയില്ലാതെ പോരാടിയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. നിയമസഭാംഗം എന്ന നിലയിലും സി.പി.ഐയുടെ പ്രധാന നേതാവ് എന്ന നിലയിലും അദ്ദേഹം ജനങ്ങൾക്കിടയിൽ ശ്രദ്ധേയനായിരുന്നു. അദ്ദേഹത്തിന്റെ രീതികൾ എപ്പോഴും മാതൃകാപരമായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, വാഴൂർ സോമൻ്റെ ഭൗതികദേഹം എം.എൻ സ്മാരകത്തിൽ പൊതുദർശനത്തിന് വെച്ചു. മന്ത്രിമാരായ പി. രാജീവ്, വി. എൻ. വാസവൻ, കെ. കൃഷ്ണൻ കുട്ടി, കെ. രാജൻ, ജി. ആർ. അനിൽ തുടങ്ങിയ പ്രമുഖർ എം.എൻ സ്മാരകത്തിൽ എത്തിച്ചേർന്നു. നാളെ രാവിലെ 11 മണിക്ക് വണ്ടിപ്പെരിയാർ ടൗൺഹാളിൽ പൊതുദർശനത്തിന് ശേഷം വൈകിട്ട് നാലിന് വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കും.
ഇടുക്കി പീരുമേട്ടിൽ നിന്ന് സി.പി.ഐ എം.എൽ.എ ആയാണ് വാഴൂർ സോമൻ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1835 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അദ്ദേഹത്തിന്റെ വിജയം. യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. സിറിയക് തോമസ് ആയിരുന്നു അദ്ദേഹത്തിൻ്റെ പ്രധാന എതിരാളി.
ഇന്ന് തിരുവനന്തപുരത്ത് നടന്ന റവന്യൂ വകുപ്പിൻ്റെ ഇടുക്കി ജില്ലാതല യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് വാഴൂർ സോമൻ കുഴഞ്ഞുവീണത്. ഉടൻതന്നെ ശാസ്തമംഗലത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
വാഴൂർ സോമൻ വെയർ ഹൗസിങ് കോർപ്പറേഷൻ ചെയർമാൻ, എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ബിന്ദു, മക്കൾ: അഡ്വ. സോബിൻ, അഡ്വ. സോബിത്ത്.
Story Highlights : Chief Minister Pinarayi Vijayan expresses condolences on the demise of Vazhoor Soman