വണ്ടിപ്പെരിയാർ പോക്സോ കേസിൽ കോടതി വെറുതെ വിട്ട പ്രതി അർജുൻ പത്ത് ദിവസത്തിനകം കട്ടപ്പന പോക്സോ കോടതിയിൽ കീഴടങ്ങണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. കുറ്റവിമുക്തനാക്കപ്പെട്ടയാളോട് കീഴടങ്ങാൻ കോടതി നിർദ്ദേശിക്കുന്നത് അപൂർവ്വ നടപടിയാണ്. നിരന്തരം ആവശ്യപ്പെട്ടിട്ടും അപ്പീലിൽ അർജുൻ മറുപടി സത്യവാങ്മൂലം നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ കടുത്ത നടപടി.
അർജുൻ കീഴടങ്ങിയില്ലെങ്കിൽ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്ന് പോക്സോ കോടതിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. അമ്പതിനായിരം രൂപയുടെ ബോണ്ടും രണ്ടു പേരുടെ ആൾ ജാമ്യവും നൽകിയാൽ അർജുനെ വിട്ടയക്കാമെന്നും കോടതി നിർദ്ദേശിച്ചു. പത്തു ദിവസത്തിനകം കട്ടപ്പനയിലെ പോക്സോ കോടതിയിലെത്തി ജാമ്യ ഉത്തരവ് നടപ്പാക്കണമെന്നും, അല്ലാത്ത പക്ഷം പൊലീസിന് അർജുനെ അറസ്റ്റ് ചെയ്യാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
വണ്ടിപ്പെരിയാറിൽ 6 വയസുകാരിയെ ബലാൽസംഗം ചെയ്തു കൊന്ന കേസിലെ പ്രതിയാണ് അർജുൻ. നേരത്തെ വിചാരണ കോടതി അർജുനെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനെതിരായ സംസ്ഥാന സർക്കാരിന്റെ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. അർജുന്റെ അഭിഭാഷകൻ എസ് കെ ആദിത്യൻ ഹൈക്കോടതിയിലെ വക്കാലത്ത് ഒഴിഞ്ഞിരുന്നു. അതേസമയം കോടതി നടപടിയിൽ ആശ്വാസമുണ്ടെന്ന് പെൺകുട്ടിയുടെ പിതാവ് വ്യക്തമാക്കി.
Story Highlights: High Court directs acquitted POCSO case accused to surrender within 10 days