വടക്കഞ്ചേരിയിലെ പെട്രോൾ പമ്പിൽ നിന്ന് 48380 രൂപ കവർന്ന കേസിലെ പ്രതികളെ പിടികൂടി. പരപ്പനങ്ങാടി സ്വദേശികളായ റസൽ, ആഷിക്ക് എന്നിവരെയാണ് കോഴിക്കോട് പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തുനിന്ന് മോഷ്ടിച്ച ബൈക്കിലാണ് ഇവർ കവർച്ചയ്ക്ക് എത്തിയതെന്നും പോലീസ് കണ്ടെത്തി. ബുധനാഴ്ച പുലർച്ചെ 12.50നാണ് സംഭവം.
മാസ്ക് ധരിച്ച് ബൈക്കിൽ പമ്പിലെത്തിയ പ്രതികൾ, പെട്രോൾ അടിക്കുന്ന സ്ഥലത്തെത്തി ജീവനക്കാരുടെ സമീപം വെച്ചിരുന്ന ബാഗ് തട്ടിയെടുത്തു. ദേശീയപാതയിൽ പന്തലാംപാടത്തിനു സമീപത്തുള്ള പെട്രോൾ പമ്പാണ് കവർച്ച നടന്നത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.
കോഴിക്കോട് വെച്ചാണ് പ്രതികളെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. നിരവധി ബൈക്ക് മോഷണക്കേസുകളിലെ പ്രതികളാണ് ഇവരെന്നും പോലീസ് പറഞ്ഞു. വടക്കഞ്ചേരി പോലീസ് വാഹനം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ചാണ് കവർച്ചാസംഘം വടക്കഞ്ചേരിയിൽ എത്തിയത്. ബൈക്കിന്റെ ഉടമയുടെ മേൽവിലാസം പരിശോധിച്ചപ്പോഴാണ് എറണാകുളത്തേതെന്ന് തിരിച്ചറിഞ്ഞത്. അന്വേഷണത്തിൽ എറണാകുളം സ്വദേശിയുടെ ബൈക്ക് മോഷണം പോയതായി തെളിഞ്ഞിരുന്നു.
Story Highlights: Two suspects arrested in Vadakkanchery petrol pump robbery case.