എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് ഇ പി ജയരാജനെ നീക്കിയതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. പ്രതിപക്ഷം പറഞ്ഞത് സത്യമാണെന്ന് തെളിഞ്ഞുവെന്നും കേരളത്തിലെ സിപിഐഎം നേതാക്കൾക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് ഉറപ്പായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ജയരാജൻ ജാവദേക്കറെ കണ്ടതെന്നും സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ കേസ് ദുർബലപ്പെടുത്താനാണ് ജയരാജൻ ബിജെപി നേതാവിനെ കണ്ടതെന്നും വിഡി സതീശൻ ആരോപിച്ചു. കേരളത്തിലെ പൊലീസിനെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണെന്നും പാര്ട്ടിയുടെ അടിമക്കൂട്ടമാണ് പൊലീസെന്നും സതീശൻ കുറ്റപ്പെടുത്തി.
പൊലീസിലും സിപിഐഎം-ബിജെപി ബന്ധമുണ്ടെന്നും കേരള പൊലീസ് സിപിഐഎമ്മിന്റെ ഏറാൻ മൂളികളായി മാറിയെന്നും അദ്ദേഹം പറഞ്ഞു. എഡിജിപി കോഴ വാങ്ങിയെന്ന് എസ്പി പറയുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല് സെക്രട്ടറിക്കെതിരെയും ഗുരുതര ആരോപണമാണ് ഉന്നയിക്കുന്നതെന്ന് സതീശൻ പറഞ്ഞു. പൊളിറ്റിക്കൽ സെക്രട്ടറി-എഡിജിപി അച്ചുതണ്ടാണ് പൊലീസില് കാര്യങ്ങള് നിയന്ത്രിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പീഡിപ്പിക്കപ്പെട്ട പെൺകുട്ടി പരാതി നൽകിയിട്ടും നടപടിയില്ലെന്നും സിപിഐഎം പ്രതികളെ സംരക്ഷിക്കുകയാണെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. ഹേമ കമ്മറ്റിയിൽ സർക്കാർ ഒരു അന്വേഷണവും നടത്തില്ലെന്നും പൊലീസിന് പുറത്തുള്ള മറ്റൊരു ഏജൻസി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Story Highlights: V D Satheesan reacts to E P Jayarajan’s removal as LDF convenor, alleges CPI(M)-BJP links