അടച്ചുപൂട്ടലിന് വിരാമമിട്ട് അമേരിക്ക; ധനാനുമതി ബിൽ പാസായി
അമേരിക്കയിൽ 43 ദിവസം നീണ്ട ഷട്ട്ഡൗണിന് ഒടുവിൽ പരിഹാരമായി. ജനപ്രതിനിധി സഭയിൽ ധനാനുമതി ബിൽ പാസായതോടെയാണ് പ്രതിസന്ധിക്ക് താൽക്കാലിക വിരാമമായത്. ബില്ലിൽ ഇനി പ്രസിഡന്റ് ഒപ്പുവയ്ക്കുന്നതോടെ ഇത് നിയമപരമായി മാറും. ഇതോടെ രാജ്യത്തെ പല മേഖലകളെയും ബാധിച്ചിരുന്ന യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ അടച്ചുപൂട്ടലിനാണ് അവസാനമാകുന്നത്.
ധനാനുമതി ബില്ലിലെ പ്രധാന വ്യവസ്ഥകളിലൊന്നാണ് ഷട്ട്ഡൗൺ കാലയളവിൽ പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുന്നതും ഫെഡറൽ ജീവനക്കാർക്ക് ശമ്പളം ഉറപ്പാക്കുന്നതും. 209നെതിരെ 222 വോട്ടുകൾക്കാണ് ബിൽ പാസായത്. ആരോഗ്യ ഇൻഷുറൻസ് സബ്സിഡി വിഷയത്തിൽ ഡിസംബർ രണ്ടാം വാരത്തിൽ വോട്ടെടുപ്പ് നടത്തുമെന്ന ഉറപ്പും ഇതിൽ ഉൾപ്പെടുന്നു. ആറ് ഡെമോക്രാറ്റുകൾ ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്തു.
കഴിഞ്ഞ ദിവസം ഷട്ട്ഡൗൺ മൂലം 900 വിമാനങ്ങൾ റദ്ദാക്കിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എയർ ട്രാഫിക് കൺട്രോളർമാർ ഉൾപ്പെടെയുള്ള ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ജീവനക്കാർക്ക് ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടിവന്നത് വലിയ സ്റ്റാഫിങ് ക്ഷാമത്തിന് കാരണമായിരുന്നു. ഇത് സുരക്ഷാ പ്രശ്നങ്ങൾക്ക് ഇടയാക്കിയതിനെ തുടർന്ന് എഫ്.എ.എ 40 പ്രധാന വിമാനത്താവളങ്ങളിലെ വിമാനങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കി.
ഒക്ടോബർ ഒന്നിനാണ് അമേരിക്കയിൽ ഡോണൾഡ് ട്രംപിന്റെ ഉത്തരവ് പ്രകാരം അടച്ചുപൂട്ടൽ ആരംഭിച്ചത്. ഈ നിർദ്ദേശം ഒക്ടോബർ 30 മുതൽ നവംബർ 9 വരെ 4,100-ൽ അധികം വിമാന സർവീസുകൾ റദ്ദാക്കാനോ വെട്ടിച്ചുരുക്കാനോ കാരണമായി. ഇത് ഏകദേശം 52 ലക്ഷം യാത്രക്കാരെ പ്രതികൂലമായി ബാധിച്ചു.
യാത്രക്കാർക്ക് വിമാനങ്ങൾ മണിക്കൂറുകളോളം വൈകിയത് മൂലം കണക്ഷൻ ഫ്ലൈറ്റുകൾ നഷ്ടമായതും ദുരിതങ്ങൾ ഇരട്ടിയാക്കി. റദ്ദാക്കലുകൾക്ക് പുറമേ വിമാനങ്ങൾ വൈകുന്നത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കി.
അടച്ചുപൂട്ടൽ അവസാനിക്കുന്നതോടെ ജീവനക്കാർക്ക് ശമ്പളം ലഭിക്കാനും വിമാന സർവീസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കാനും സാധിക്കും. ഇതിലൂടെ യാത്രക്കാരുടെ ദുരിതത്തിന് അറുതിവരുത്താനാകുമെന്നും പ്രതീക്ഷിക്കുന്നു.
Story Highlights : House votes to end shutdown, sends bill to Trump for signature
Story Highlights: US House passed a bill to end the 43-day shutdown, ensuring back pay for federal workers and addressing staffing shortages at airports.



















