പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി, ഇന്ത്യയിൽ നിന്ന് മോഷ്ടിക്കപ്പെട്ട 297 പുരാവസ്തുക്കൾ അമേരിക്ക തിരികെ നൽകി. ഇതോടെ 2016 മുതൽ അമേരിക്കയിൽ നിന്ന് മാത്രം ഇന്ത്യയ്ക്ക് തിരിച്ചുകിട്ടിയ പുരാവസ്തുക്കളുടെ എണ്ണം 578 ആയി ഉയർന്നു. യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ഡെലവെയറിലെ ഔദ്യോഗിക വസതിയിലാണ് പുരാവസ്തുക്കളുടെ കൈമാറ്റം നടന്നത്. പ്രധാനമന്ത്രി മോദി ബൈഡനോട് നന്ദി പറയുകയും ചെയ്തു.
തിരികെ ലഭിച്ച പുരാവസ്തുക്കളിൽ നാലായിരം വർഷം വരെ പഴക്കമുള്ളവയുണ്ട്. ബിസിഇ 2000 നും 1900 സിഇക്കും ഇടയിൽ നിർമ്മിച്ചവയാണ് ഇവയിൽ പലതും. കളിമണ്ണ്, കല്ല്, ഇരുമ്പ്, തടി, ഐവറി തുടങ്ങിയവ ഉപയോഗിച്ച് നിർമ്മിച്ച വസ്തുക്കൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളതാണ്. ഈസ്റ്റേൺ ഇന്ത്യയിൽ നിന്നുള്ള കളിമണ്ണ് പുരാവസ്തുക്കളും ഇതിൽ ഉൾപ്പെടുന്നു.
കള്ളക്കടത്ത് തടയാനും സാംസ്കാരിക ആസ്തികൾ സംരക്ഷിക്കാനുമുള്ള ഇരു രാജ്യങ്ങളുടെയും സംയുക്ത പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയതായി പ്രധാനമന്ത്രി മോദി സമൂഹമാധ്യമത്തിൽ കുറിച്ചു. 2021-ൽ മോദിയുടെ അമേരിക്കൻ സന്ദർശനവേളയിൽ 157 പുരാവസ്തുക്കളും, 2023-ൽ 105 പുരാവസ്തുക്കളും ഇന്ത്യയ്ക്ക് തിരികെ ലഭിച്ചിരുന്നു. 12-ാം നൂറ്റാണ്ടിലെ നടരാജ വിഗ്രഹവും ഇതിൽ ഉൾപ്പെടുന്നു.
Story Highlights: US returns 297 smuggled antiquities to India during PM Modi’s visit, bringing total to 578 since 2016