യുഎസിൽ നിന്നും നാടുകടത്തപ്പെട്ട 112 ഇന്ത്യക്കാരുമായി മൂന്നാമത്തെ വിമാനം അമൃത്സറിൽ എത്തിച്ചേർന്നു. ഈ വിമാനത്തിലെ യാത്രക്കാരിൽ 89 പുരുഷന്മാരും, 10 കുട്ടികളും, 4 കുട്ടികളടക്കം 23 സ്ത്രീകളും ഉൾപ്പെടുന്നു. യുഎസ് സൈനിക വിമാനമായ സി-17 ബോയിംഗിലാണ് ഇവരെ എത്തിച്ചത്. ഇതോടെ യുഎസിൽ നിന്നും നാടുകടത്തപ്പെട്ട് ഇന്ത്യയിൽ തിരിച്ചെത്തിയവരുടെ എണ്ണം 333 ആയി.
ഹരിയാനയിൽ നിന്നുള്ള 44 പേർ, ഗുജറാത്തിൽ നിന്നുള്ള 33 പേർ, പഞ്ചാബിൽ നിന്നുള്ള 31 പേർ എന്നിവരാണ് തിരിച്ചെത്തിയവരിൽ ഏറ്റവും കൂടുതൽ. ഉത്തർപ്രദേശിൽ നിന്ന് രണ്ട് പേരും, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരും തിരിച്ചെത്തി. രണ്ടാമത്തെ വിമാനം ഇന്നലെ രാത്രി അമൃത്സറിൽ എത്തിച്ചേർന്നതിന് പിന്നാലെയാണ് മൂന്നാമത്തെ വിമാനവും എത്തിയത്.
നാടുകടത്തപ്പെട്ടവരിൽ ഭൂരിഭാഗവും 18 നും 30 നും ഇടയിൽ പ്രായമുള്ളവരാണ്. രണ്ടാമത്തെ വിമാനത്തിൽ പഞ്ചാബിൽ നിന്നുള്ള 67 പേരും ഹരിയാനയിൽ നിന്നുള്ള 33 പേരും ഉണ്ടായിരുന്നു. ഗുജറാത്ത്, ഉത്തർപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും രണ്ടാം ഘട്ടത്തിൽ തിരിച്ചെത്തിയിരുന്നു.
Story Highlights: A third flight carrying 112 deported Indian immigrants from the US has landed in Amritsar.