നാഷണൽ പേയ്മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഡിജിറ്റൽ പേയ്മെന്റുകൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ്. യുപിഐ സർക്കിൾ എന്ന് വിളിക്കുന്ന ഈ പുതിയ സംവിധാനം വഴി ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും യുപിഐ ഇടപാടുകൾ നടത്താൻ കഴിയും. ഒരു യുപിഐ ഉപയോക്താവിന്റെ അക്കൗണ്ട് ഉപയോഗിച്ച് അയാളുടെ അനുമതിയോടെയോ ചുമതലപ്പെടുത്തിയോ മറ്റൊരാൾക്ക് ഇടപാടുകൾ നടത്താനാകും.
യുപിഐ സർക്കിളിൽ പ്രൈമറി യൂസറും സെക്കൻഡറി യൂസറും ഉണ്ടാകും. യുപിഐ അക്കൗണ്ട് ഉള്ള ആളാണ് പ്രൈമറി യൂസർ. ഇയാൾ ചുമതലപ്പെടുത്തുന്ന രണ്ടാമത്തെയാൾ സെക്കൻഡറി യൂസറാണ്. നിലവിൽ രണ്ട് പേർക്ക് മാത്രമേ ഈ സംവിധാനത്തിന്റെ ഭാഗമാകാൻ കഴിയൂ. പ്രൈമറി യൂസറുടെ അക്കൗണ്ട് ഉപയോഗിച്ച് സെക്കൻഡറി യൂസറിന് യുപിഐ ഇടപാടുകൾ നടത്താൻ കഴിയുമെന്നതാണ് പ്രത്യേകത. എന്നാൽ സെക്കൻഡറി യൂസറിന് ഇടപാട് നടത്താവുന്ന തുകയ്ക്ക് പരിധി നിശ്ചയിക്കാൻ പ്രൈമറി യൂസറിന് സാധിക്കും.
കൂടുതൽ ആളുകളിലേക്ക് ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് എൻപിസിഐ ഈ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ മിക്ക ഇടപാടുകളും യുപിഐ സംവിധാനം വഴി മാറിയെങ്കിലും ഇത് ഉപയോഗിക്കാത്തവരും നിരവധിയാണ്. ഇവരെ ലക്ഷ്യം വെച്ചാണ് യുപിഐ സർക്കിൾ എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ, യുപിഐ ഇൻ്റർഓപ്പറബിൾ ക്യാഷ് ഡെപ്പോസിറ്റ് എന്ന മറ്റൊരു ഫീച്ചറും എൻപിസിഐ അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഇതുവഴി കാർഡുകളുടെ സഹായമില്ലാതെ തന്നെ യുപിഐ ആപ്പ് ഉപയോഗിച്ച് എടിഎമ്മുകളിൽ പണം നിക്ഷേപിക്കാൻ സാധിക്കും.
Story Highlights: NPCI introduces UPI Circle feature for digital payments without bank accounts