കേന്ദ്ര ബജറ്റിൽ കേരളത്തിന് കനത്ത നിരാശ; ഒരു പദ്ധതിയും പ്രഖ്യാപിച്ചില്ല

Anjana

കേന്ദ്ര സർക്കാരിന്റെ പുതിയ ബജറ്റ് കേരളത്തിന് കനത്ത നിരാശയാണ് സമ്മാനിച്ചത്. സംസ്ഥാനത്തിന്റെ പേര് പോലും പരാമർശിക്കാതെയാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്. കേരളത്തിന് വേണ്ടി ഒരു പദ്ധതിയും പ്രഖ്യാപിച്ചില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള പ്രത്യേക പാക്കേജ്, സിൽവർ ലൈൻ, വിഴിഞ്ഞം തുറമുഖ വികസനം, കോഴിക്കോട്-വയനാട് തുരങ്കപാത തുടങ്ങിയ നിരവധി ആവശ്യങ്ങൾ കേരളം മുന്നോട്ട് വെച്ചിരുന്നെങ്കിലും ഒന്നും പരിഗണിക്കപ്പെട്ടില്ല.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കും എയിംസിനും കേന്ദ്ര സഹായം ലഭിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. എന്നാൽ ബിഹാറിനും ആന്ധ്രാ പ്രദേശിനും പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചു. വിനോദസഞ്ചാര മേഖലയിലെ പദ്ധതികളും മറ്റ് സംസ്ഥാനങ്ങൾക്ക് കേന്ദ്രീകരിച്ചുള്ളതായിരുന്നു. ദക്ഷിണേന്ത്യയിലെ വ്യവസായ ഇടനാഴികളിലും കേരളത്തിന് പരിഗണന ലഭിച്ചില്ല. പ്രളയ ദുരന്ത സഹായ പദ്ധതികളിലും കേരളം ഉൾപ്പെട്ടില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബജറ്റിന് മുമ്പ് കേരള ധനമന്ത്രി കെ.എൻ. ബാലഗോപാൽ കേന്ദ്ര ധനമന്ത്രിയെ നേരിൽ കണ്ട് സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ അറിയിച്ചിരുന്നു. എന്നാൽ അതൊന്നും പരിഗണിക്കപ്പെട്ടില്ല. ലോക്സഭയിൽ ആദ്യമായി ബി.ജെ.പിക്ക് സീറ്റ് ലഭിച്ചതും രണ്ട് സഹമന്ത്രിമാർ ഉണ്ടായിരുന്നതും കേരളത്തിന് ഗുണകരമായില്ല. ഒട്ടാകെ നോക്കുമ്പോൾ കേന്ദ്ര ബജറ്റിൽ കേരളത്തിന് കനത്ത നിരാശയാണ് നേരിടേണ്ടി വന്നത്.