കലൂർ ജവഹർലാൽ സ്റ്റേഡിയത്തിൽ നടന്ന അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ തൃക്കാക്കര എംഎൽഎ ഉമ തോമസിന്റെ ആരോഗ്യനില സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നു. വീഴ്ചയുടെ ആഘാതത്തിൽ മുഖത്തും വാരിയെല്ലുകൾക്കും ഒടിവുകൾ സംഭവിച്ചതായും സെർവിക്കൽ സ്പൈനിലും പരുക്കേറ്റതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തലയ്ക്കേറ്റ പരുക്ക് ഗുരുതരമാണെങ്കിലും അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രാഥമിക സി.ടി സ്കാനിൽ അസ്ഥികൾക്ക് ഗുരുതരമായ ഒടിവുകൾ ഇല്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. മുറിവുകൾക്ക് തുന്നലുകളുൾപ്പെടെയുള്ള ചികിത്സകൾക്ക് ശേഷം തീവ്രപരിചരണവിഭാഗത്തിൽ നിരീക്ഷണത്തിലാണ് എംഎൽഎ. 24 മണിക്കൂർ നിരീക്ഷണത്തിന് ശേഷമേ രോഗിയുടെ പുരോഗതി സംബന്ധിച്ച് കൃത്യമായി പറയാൻ സാധിക്കുകയുള്ളൂവെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
നിലവിൽ ഉമ തോമസ് എംഎൽഎ റിനൈ മെഡിസിറ്റിയുടെ തീവ്ര പരിചരണവിഭാഗത്തിൽ വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. അത്യാഹിത വിഭാഗത്തിലേക്ക് എത്തിക്കുമ്പോൾ അബോധാവസ്ഥയിലായിരുന്നു എംഎൽഎ. അപകടനില തരണം ചെയ്തു എന്ന് പറയാൻ കഴിയില്ലെങ്കിലും അതീവ ഗുരുതരാവസ്ഥയിലല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേസമയം, കലൂർ സ്റ്റേഡിയത്തിൽ മതിയായ സുരക്ഷ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ഹൈബി ഈഡൻ എംപി ആരോപിച്ചു. ഗാലറിക്ക് മുൻവശത്തായി നിർമ്മിച്ച ചെറിയ സ്റ്റേജിലായിരുന്നു ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. ഉയരത്തിലുള്ള ഗ്യാലറിക്ക് കൃത്യമായ ബാരിക്കേഡ് ഇല്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ പരിപാടിയുടെ സംഘാടകർക്കെതിരെ കേസെടുക്കുമെന്ന് എഡിജിപി മനോജ് എബ്രഹാം അറിയിച്ചു. കൊച്ചി കമ്മീഷണർ പുട്ടവിമലാദിത്യയും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി സ്ഥിരീകരിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആശുപത്രിയിലെത്തി എംഎൽഎയുടെ ആരോഗ്യനില അന്വേഷിച്ചു.
Story Highlights: Uma Thomas MLA’s medical bulletin reveals facial and rib fractures, cervical spine injury