കലൂരിൽ നടന്ന ഭരതനാട്യ നൃത്തസന്ധ്യയിൽ ഉമാ തോമസ് എംഎൽഎ വേദിയിൽ നിന്ന് വീണ് അപകടത്തിൽപ്പെട്ട സംഭവത്തിൽ സംഘാടകർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി പ്രാഥമിക റിപ്പോർട്ടിൽ കണ്ടെത്തി. മന്ത്രിമാർ ഉൾപ്പെടെ പങ്കെടുത്ത വേദിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നില്ലെന്നും, ഉറപ്പുള്ള ബാരിക്കേഡുകൾ അടക്കം സ്ഥാപിച്ചിരുന്നില്ലെന്നും ഫയർഫോഴ്സിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായി.
സംഭവത്തിൽ മൃദംഗ വിഷൻ, സ്റ്റേജ് നിർമാതാക്കൾ എന്നിവരുടെ പേരിൽ പാലാരിവട്ടം പൊലീസ് കേസെടുത്തു. സ്റ്റേജ് നിർമാണത്തിലെ അപാകതയാണ് എഫ്ഐആറിൽ പ്രധാനമായും പരാമർശിക്കുന്നത്. സ്റ്റേജുകൾ രണ്ടു മീറ്ററിൽ കൂടുതൽ ഉയരമുള്ളതാണെങ്കിൽ 1.2 മീറ്റർ ഉയരമുള്ള ഉറപ്പുള്ള ബാരിക്കേഡുകൾ വശങ്ങളിൽ സ്ഥാപിക്കേണ്ടതാണെന്നും, ഇത് പൊതുമരാമത്ത് ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പാക്കേണ്ടതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഭരതനാട്യം നർത്തകരുടെ നൃത്ത സന്ധ്യയ്ക്കിടെയാണ് അപകടം സംഭവിച്ചത്. ഇരിക്കാൻ ശ്രമിക്കുന്നതിനിടെ താത്കാലിക ബാരിക്കേഡിൽ പിടിച്ച് ഇരുന്നതാണ് അപകടത്തിന് കാരണമായത്. സ്ഥാപിച്ച താത്കാലിക ബാരിക്കേഡ് ബലമുള്ളതായിരുന്നില്ലെന്നും, സീറ്റ് ക്രമീകരണം വളരെ മോശമായിരുന്നുവെന്നും കണ്ടെത്തി. സ്റ്റേഡിയത്തിൽ സംഘാടകർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ഹൈബി ഈഡൻ എംപി പ്രതികരിച്ചു.
താത്കാലികമായി തയ്യാറാക്കിയ വിഐപി ഗാലറിയിൽ നിന്ന് 20 അടിയോളം താഴ്ചയിലേക്കാണ് എംഎൽഎ വീണത്. മുഖമടിച്ചുള്ള വീഴ്ചയിൽ തലച്ചോറിന് ക്ഷതമേറ്റിട്ടുണ്ട്. വാരിയെല്ല് പൊട്ടി ശ്വാസകോശത്തിൽ കയറിയതായും റിപ്പോർട്ടുകളുണ്ട്. നിലവിൽ ആന്തരിക രക്തസ്രാവമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. കൊണ്ടുവരുമ്പോൾ ബോധമുണ്ടായിരുന്നുവെങ്കിലും നിലവിൽ അബോധാവസ്ഥയിലാണെന്നും, 24 മണിക്കൂർ നിരീക്ഷണത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ നൽകാൻ സാധിക്കുകയുള്ളൂവെന്നും ചികിത്സിക്കുന്ന ഡോക്ടർമാർ വ്യക്തമാക്കി.
Story Highlights: MLA Uma Thomas accident case registered against the organizers