യു.ഡി.എഫിന്റെ നേതൃത്വത്തില് നവംബര് 26ന് ഭരണഘടനാ സംരക്ഷണദിനാചരണം നടത്തുമെന്ന് കണ്വീനര് എം.എം ഹസന് പ്രഖ്യാപിച്ചു. അന്ന് വൈകിട്ട് 5ന് സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഭരണഘടനാ സംരക്ഷണ സായാഹ്നസദസുകള് സംഘടിപ്പിക്കും. ഭരണകൂടത്തില് നിന്നും ഇപ്പോള് നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ജനങ്ങളെ ബോധവല്ക്കരിക്കാനുള്ള പ്രചാരണമായി ഈ സദസുകള് മാറും. യു.ഡി.എഫ് നേതാക്കള്ക്ക് പുറമേ ഭരണഘടനാ വിദഗ്ധര്, പ്രമുഖ നിയമജ്ഞര് എന്നിവരും സദസില് പങ്കെടുക്കും.
കേന്ദ്രസര്‍ക്കാരിന്റെ പല നയങ്ങളും ഭരണഘടനയ്ക്ക് തുരങ്കം വയ്ക്കുന്നതാണെന്ന് എം.എം ഹസന് ആരോപിച്ചു. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പെന്ന കേന്ദ്ര സര്ക്കാരിന്റെ നീക്കം, ഏകീകൃത വ്യക്തിനിയമം തുടങ്ങിയവ ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിലും ജമ്മുകാശ്മീരിലും നടക്കുന്നത് ഭരണഘടന നല്കുന്ന മൗലികവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
ഭരണഘടനയെ അവഹേളിച്ച് സത്യപ്രതിജ്ഞാലംഘനം നടത്തിയ സജിചെറിയാന് രാജിവെയ്ക്കണമെന്ന് എം.എം ഹസന് ആവശ്യപ്പെട്ടു. മന്ത്രിയെ വെള്ള പൂശിക്കൊണ്ട് പൊലീസ് കൊടുത്തത് ഏകപക്ഷീയമായ റിപ്പോര്ട്ടാണെന്നും പുനരന്വേഷണത്തിന് കാത്ത് നില്ക്കാതെ മന്ത്രി രാജിവെയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉപതിരഞ്ഞെടുപ്പുകളില് യു.ഡി.എഫ് വിജയിക്കുമെന്നും പാലക്കാട് എല്.ഡി.എഫ് നടത്തിയത് തരംതാണ വര്ഗീയ പ്രചാരണമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
Story Highlights: UDF to observe Constitution Protection Day on November 26 with evening sessions across Kerala