മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഇടുക്കി ജില്ലയിലെ വണ്ണപ്പുറം പഞ്ചായത്തിൽ നാളെ യുഡിഎഫ് ഹർത്താൽ നടത്തുന്നു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി (22) ആണ് കാട്ടാന ആക്രമണത്തിൽ മരണമടഞ്ഞത്. തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴായിരുന്നു ദാരുണമായ ആക്രമണം ഉണ്ടായത്.
അമർ ഇലാഹിയെ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം സംസ്കരിക്കുന്നതിന് മുൻപ് കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് യുഡിഎഫ് മോർച്ചറിക്ക് മുൻപിൽ പ്രതിഷേധം നടത്തുകയാണ്. ഡീൻ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.
വനം വകുപ്പ് മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥർ പറയുന്നത് മാത്രമാണ് മന്ത്രി മുഖവിലയ്ക്കെടുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും എംപി മുന്നറിയിപ്പ് നൽകി.
പ്രദേശത്ത് കാട്ടാന ശല്യം പതിവാണെന്ന് പഞ്ചായത്തംഗം ഉല്ലാസ് വ്യക്തമാക്കി. വനനിയമത്തിൽ ഭേദഗതി വേണമെന്ന് ജോസ് കെ മാണി എംപി ആവശ്യപ്പെട്ടു. കാട്ടാനശല്യം തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പി ജെ ജോസഫ് ആവശ്യപ്പെട്ടു.
വൈകുന്നേരത്തോടെയായിരുന്നു കാട്ടാന ആക്രമണം ഉണ്ടായത്. ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അമറിനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്. കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു. കുടുംബത്തിലെ ഏക ആശ്രയമായിരുന്നു അമർ. വനാതിർത്തിയിൽ വെച്ചാണ് ആക്രമണം ഉണ്ടായതെന്ന് പഞ്ചായത്തംഗം ഉല്ലാസ് വ്യക്തമാക്കി.
Story Highlights: UDF calls for hartal in Idukki’s Vannapuram panchayat following youth’s death in elephant attack