ജമ്മു കാശ്മീരിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു; ഏറ്റുമുട്ടൽ തുടരുന്നു

Anjana

Updated on:

Jammu and Kashmir terrorist encounter
ജമ്മു കാശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ വനമേഖലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ബന്ദിപ്പോരയിലും ശ്രീനഗറിലെ ഖാൻയാറിലും സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്. ഒളിച്ചിരിക്കുന്നത് പാക് ഭീകരർ ആണെന്നാണ് സൂചന. ശ്രീനഗറിലെ ഭീകരരുടെ താവളം സൈന്യം വളഞ്ഞു. ബന്ദിപ്പോരയിലെ സൈനിക ക്യാമ്പിന് നേരെയും കഴിഞ്ഞ ദിവസം രാത്രിയോടെ ഭീകരർ ആക്രമണം നടത്തിയിരുന്നു. സുരക്ഷാവീഴ്ചയുടെ പ്രശ്നമല്ലെന്നും ആക്രമണങ്ങൾ ഉണ്ടായത് ദൗർഭാഗ്യകരമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പ്രതികരിച്ചു. എന്നാൽ ഭീകരരെ വധിക്കരുതെന്നും പിടികൂടി അവർക്ക് പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും നാഷണൽ കോൺഫ്രൻസ് അധ്യക്ഷൻ ഫറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു. കാശ്മീരിലെ ബദ്ഗാമിൽ അതിഥി തൊഴിലാളികൾക്ക് നേരെയും കഴിഞ്ഞദിവസം ഭീകരർ വെടിയുതിർത്തിരുന്നു. ആക്രമണത്തിൽ ഉത്തർപ്രദേശ് സ്വദേശികളായ സോഫിയാൻ, ഉസ്മാൻ മാലിക് എന്നിവർക്കാണ് വെടിയേറ്റത്. കശ്മീർ താഴ്വരയിൽ രണ്ടാഴ്ചയ്ക്കിടെ അതിഥിത്തൊഴിലാളികൾക്കു നേരെയുണ്ടാകുന്ന നാലാമത്തെ ഭീകരാക്രമണമാണിത്. അതേസമയം, ശ്രീനഗറിലെ റാവൽ പോരയിൽ സർവീസ് റൈഫിളിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് ഒരു സൈനികൻ മരിച്ചു. Story Highlights: Army kills two terrorists in encounter in Anantnag district of Jammu and Kashmir

Leave a Comment