**നെയ്യാറ്റിൻക്കര◾:** കന്യാകുമാരി-ബാംഗ്ലൂർ ഐലൻഡ് എക്സ്പ്രസിലെ ടിടിഇയെ സൈനികൻ മർദ്ദിച്ചതായി പരാതി. പാറശ്ശാലയ്ക്കും നെയ്യാറ്റിൻക്കരയ്ക്കും ഇടയിൽ വെച്ചാണ് സംഭവം. ജയേഷ് എന്ന ടിടിഇക്കാണ് മർദ്ദനമേറ്റത്. കൊല്ലംകോട് സ്വദേശിയായ രതീഷ് എന്ന സൈനികനാണ് മർദ്ദിച്ചതെന്ന് പോലീസ് പറഞ്ഞു.
ടിടിഇയുടെ പരാതിയിൽ സൈനികനെ പോലീസ് കസ്റ്റഡിയിലെടുത്തു. മർദ്ദനത്തിൽ പരിക്കേറ്റ ടിടിഇ തിരുവനന്തപുരം പേട്ട റെയിൽവേ ആശുപത്രിയിൽ ചികിത്സയിലാണ്. സൈനികനൊപ്പമുണ്ടായിരുന്ന നാല് പേർ ഒളിവിലാണെന്നും പോലീസ് അറിയിച്ചു.
ടിക്കറ്റ് പരിശോധനയ്ക്കിടെയാണ് സംഭവം. സ്ലീപ്പർ ക്ലാസിൽ യാത്ര ചെയ്തിരുന്ന നാലഞ്ച് പേരുടെ സംഘത്തിന്റെ പക്കൽ സ്ലീപ്പർ ടിക്കറ്റ് ഉണ്ടായിരുന്നില്ല. ജനറൽ ടിക്കറ്റുമായാണ് ഇവർ യാത്ര ചെയ്തത്.
സ്ലീപ്പർ ടിക്കറ്റ് എടുക്കാനോ പിഴയടക്കാനോ ടിടിഇ ആവശ്യപ്പെട്ടപ്പോൾ സംഘം വിസമ്മതിക്കുകയും ടിടിഇയെ മർദ്ദിക്കുകയുമായിരുന്നു. മറ്റ് ടിടിഇമാരെ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി സൈനികനെ കസ്റ്റഡിയിലെടുത്തു.
Story Highlights: TTE attacked on Kanyakumari-Bangalore Island Express.