യുഎസ് ഏജൻസി ഫോർ ഗ്ലോബൽ മീഡിയ (USAGM) ഇല്ലാതാക്കാനുള്ള ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവിനെ തുടർന്ന്, വോയ്സ് ഓഫ് അമേരിക്കയിലെ (VOA) കരാർ ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങി. ഏകദേശം 1,300 VOA ജീവനക്കാരെ അവധിയിൽ പ്രവേശിക്കാൻ ട്രംപ് ഉത്തരവിട്ടു. മാർച്ച് 31 മുതൽ കരാർ ജീവനക്കാരെ പിരിച്ചുവിടുന്നതായി അറിയിച്ചുകൊണ്ട് ഇമെയിൽ സന്ദേശവും ലഭിച്ചു. റേഡിയോ ഫ്രീ യൂറോപ്പ്, റേഡിയോ ഫ്രീ ഏഷ്യ തുടങ്ങിയ ആറ് ഫെഡറൽ ഏജൻസികൾക്കൊപ്പം USAGM പ്രവർത്തിക്കുന്നു.
രണ്ടാം ലോകമഹായുദ്ധകാലത്ത് സ്ഥാപിതമായ VOA, മാധ്യമ സ്വാതന്ത്ര്യമില്ലാത്ത രാജ്യങ്ങളിലേക്ക് എത്തിച്ചേരുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. 49 ഭാഷകളിൽ ലോകമെമ്പാടും VOA പ്രക്ഷേപണം ചെയ്യപ്പെടുന്നു. കരാർ ജീവനക്കാർക്ക് ഏജൻസി കെട്ടിടങ്ങളിലേക്കോ സിസ്റ്റങ്ങളിലേക്കോ പ്രവേശനമില്ലെന്നും ഇമെയിൽ സന്ദേശത്തിൽ പറയുന്നു.
VOA ജീവനക്കാരിൽ ഭൂരിഭാഗവും കരാറുകാരാണ്, പലരും യുഎസ് പൗരന്മാരല്ല. ജോലിയിൽ നിന്ന് പിരിച്ചുവിടുന്നതോടെ യുണൈറ്റഡ് സ്റ്റേറ്റ്സിൽ തൊഴിൽ വിസയിൽ തുടരുന്നവർക്ക് രാജ്യം വിടേണ്ടിവരും. VOA യിലെ മുഴുവൻ സമയ ജീവനക്കാരെ ഇതുവരെ പിരിച്ചുവിട്ടിട്ടില്ലെങ്കിലും, പലരും അഡ്മിനിസ്ട്രേറ്റീവ് അവധിയിലാണ്. ജോലി ചെയ്യരുതെന്നാണ് ഇവർക്ക് കമ്പനി അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.
VOA യുടെ സഹോദര സ്ഥാപനങ്ങളായ റേഡിയോ ഫ്രീ യൂറോപ്പ്/റേഡിയോ ലിബർട്ടി, മിഡിൽ ഈസ്റ്റ് ബ്രോഡ്കാസ്റ്റിംഗ് നെറ്റ്വർക്കുകൾ എന്നിവയ്ക്കുള്ള ധനസഹായവും ട്രംപ് ഭരണകൂടം നിർത്തലാക്കി. 2023ൽ സ്ഥാപനത്തിൽ 3,384 ജീവനക്കാർ ഉണ്ടായിരുന്നു. നടപ്പു സാമ്പത്തിക വർഷത്തേക്ക് 950 മില്യൺ ഡോളറാണ് കമ്പനി യു.എസ് സർക്കാരിനോട് ആവശ്യപ്പെട്ടത്.
ഫെഡറൽ സർക്കാർ വകുപ്പുകളിലെ ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് സ്ഥാപനം അടച്ചുപൂട്ടാൻ സർക്കാർ തീരുമാനിച്ചത്. “എല്ലാ ജോലികളും ഉടനടി നിർത്തണം” എന്നാണ് കരാർ ജീവനക്കാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. യുഎസ് ധനസഹായത്തോടെ പ്രവർത്തിക്കുന്ന റേഡിയോ ശൃംഖലയാണ് VOA.
Story Highlights: Trump administration initiates mass layoffs at Voice of America, impacting contract employees and potentially leading to visa issues for non-US citizens.