യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റ് (യുഎസ്എഐഡി) ധനസഹായത്തോടെ പ്രവർത്തിച്ചിരുന്ന ഇന്ത്യയിലെ ആദ്യത്തെ മൂന്ന് ട്രാൻസ്ജെൻഡർ ക്ലിനിക്കുകൾ അടച്ചുപൂട്ടി. ഹൈദരാബാദ്, കല്യാൺ, പുനെ എന്നിവിടങ്ങളിലാണ് ഈ ക്ലിനിക്കുകൾ സ്ഥിതി ചെയ്തിരുന്നത്. ഏകദേശം 5,000 പേർക്ക് സേവനം നൽകിയിരുന്ന ഈ ചികിത്സാ കേന്ദ്രങ്ങളുടെ പ്രവർത്തനം അവസാനിപ്പിച്ചത് ട്രാൻസ്ജെൻഡർ സമൂഹത്തിന് വലിയ തിരിച്ചടിയാണ്.
ട്രാൻസ്ജെൻഡർ സമൂഹത്തിൽ നിന്നുള്ള ഡോക്ടർമാർ, കൗൺസിലർമാർ, മറ്റ് തൊഴിലാളികൾ എന്നിവർ നടത്തിയിരുന്ന ഈ ക്ലിനിക്കുകൾ ഹോർമോൺ തെറാപ്പി, മാനസികാരോഗ്യ കൗൺസിലിംഗ്, എച്ച്ഐവി, മറ്റ് ലൈംഗിക രോഗങ്ങൾക്കുള്ള കൗൺസിലിംഗ്, നിയമ സഹായം തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കിയിരുന്നു. ഇവയ്ക്ക് പുറമെ മറ്റ് പൊതുവായ ചികിത്സകളും ഈ ക്ലിനിക്കുകളിൽ ലഭ്യമായിരുന്നു.
വിദേശ ധനസഹായ പദ്ധതികളുടെ പുനഃപരിശോധനയ്ക്ക് ഡൊണാൾഡ് ട്രംപ് ‘അമേരിക്ക ഫസ്റ്റ്’ നയത്തിന്റെ ഭാഗമായി ഉത്തരവിട്ടതിന് പിന്നാലെയാണ് ഈ ക്ലിനിക്കുകൾ പ്രവർത്തനം നിർത്തിയത്. ഇന്ത്യയിൽ യുഎസ്എഐഡി 21 മില്യൺ ഡോളർ വോട്ടെടുപ്പിനായി ചെലവഴിക്കുന്നതിനെ ട്രംപ് ആവർത്തിച്ച് വിമർശിച്ചിരുന്നു. ഈ വിമർശനത്തിന് പിന്നാലെയാണ് യുഎസ്എഐഡി ധനസഹായം ലഭിച്ചിരുന്ന ക്ലിനിക്കുകളും അടച്ചുപൂട്ടിയത്.
എച്ച്ഐവി ബാധിതർക്ക് ആന്റി റിട്രോവൈറൽ മരുന്നുകൾ നൽകുന്നത് ഉൾപ്പെടെയുള്ള ചില ജീവൻ രക്ഷാ പ്രവർത്തനങ്ങൾ തുടരുന്നതിന് ക്ലിനിക്കുകളുടെ സംഘാടകർക്ക് യുഎസ്എഐഡിയിൽ നിന്ന് ഇളവ് ലഭിച്ചിട്ടുണ്ട്. മൂന്ന് ക്ലിനിക്കുകളെയും ആശ്രയിച്ചിരുന്നവരിൽ പത്ത് ശതമാനം പേർക്ക് എച്ച്ഐവി ബാധയുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ട്രംപിന്റെ സഖ്യകക്ഷിയായ എലോൺ മസ്കും റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കെന്നഡിയും ട്രാൻസ്ജെൻഡർ ഫണ്ടിംഗിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
Story Highlights: India’s first three transgender clinics, funded by USAID, have closed following a stop-work order.