ഇടുക്കി വണ്ടിപ്പെരിയാർ വള്ളക്കടവിൽ ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യം ഭീതി പരത്തി. പെരിയാർ കടുവാ സങ്കേതത്തിന് സമീപമുള്ള പൊൻ നഗർ കോളനിയിലാണ് കടുവ ഇറങ്ങിയത്. ഇന്നലെ വൈകുന്നേരവും ഇതേ പ്രദേശത്ത് കടുവയെ കണ്ടതായി നാട്ടുകാർ പറയുന്നു. വീണ്ടും കടുവ ഇറങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് വനം വകുപ്പ് ജാഗ്രത ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് കടുവയെ വീണ്ടും കണ്ടത്. നാട്ടുകാരുടെ ബഹളം കേട്ട് ആദ്യം വനമേഖലയിലേക്ക് മറഞ്ഞ കടുവ പിന്നീട് തിരിച്ചെത്തി. തുടർന്ന് വള്ളക്കടവ് റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ആകാശത്തേക്ക് വെടിവച്ച് ശബ്ദമുണ്ടാക്കിയാണ് കടുവയെ ഒടുവിൽ തുരത്തിയത്.
പെരിയാർ കടുവാ സങ്കേതത്തോട് ചേർന്നുള്ള പ്രദേശമായതിനാൽ കടുവകളുടെ സാന്നിധ്യം ഇവിടെ പതിവാണ്. എന്നാൽ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് ആശങ്ക വർധിപ്പിക്കുന്നു. കൂടുതൽ ജാഗ്രത പുലർത്തണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും നാട്ടുകാർ വനം വകുപ്പിനോട് അഭ്യർത്ഥിച്ചു. ഒറ്റ കടുവയാണ് ജനവാസ മേഖലയിൽ എത്തിയതെന്നാണ് റിപ്പോർട്ട്.
Story Highlights: A tiger strayed into a residential area near the Periyar Tiger Reserve in Idukki’s Vandiperiyar, causing alarm among residents.