തൃശൂർ പൂരം കലക്കൽ വിഷയം ഇന്ന് നിയമസഭയിൽ ചൂടേറിയ ചർച്ചയ്ക്ക് വഴിവെക്കും. പ്രതിപക്ഷം ഈ വിഷയത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാനൊരുങ്ងുകയാണ്. പൂരം കലക്കലിൽ അന്വേഷണം നീണ്ടുപോകുന്നതും സിപിഎം-ബിജെപി ഡീലും പ്രതിപക്ഷം ഉന്നയിക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ, തൃശൂരിൽ കോൺഗ്രസ് വോട്ട് ചോർച്ച അടക്കമുള്ള വിഷയങ്ങൾ ഉയർത്തിയാകും ഭരണപക്ഷം പ്രതിരോധിക്കുക.
പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം ആർ അജിത് കുമാറിന് സർക്കാർ സംരക്ഷണം നൽകിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സിപിഐക്കും സമാന നിലപാടുണ്ടായിരിക്കെ, അത് മുതലെടുക്കാനും പ്രതിപക്ഷം ശ്രമിക്കും. ഇന്നലെ അനാരോഗ്യം മൂലം മുഖ്യമന്ത്രി അടിയന്തര പ്രമേയ ചർച്ചയിൽ പങ്കെടുത്തിരുന്നില്ല. ഇന്ന് മുഖ്യമന്ത്രി നിയമസഭയിൽ എത്തുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
അതേസമയം, നിയമസഭയിൽ പി വി അൻവർ എംഎൽഎയ്ക്ക് പുതിയ സീറ്റ് അനുവദിക്കുമെന്ന് സ്പീക്കർ എഎൻ ഷംസീർ അറിയിച്ചു. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിലായിരിക്കും പുതിയ സീറ്റ്. അൻവറിന്റെ സീറ്റ് ഇനി പ്രത്യേക ബ്ലോക്കായി കണക്കാക്കുമെന്നും സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി. അൻവറിന്റെ കത്ത് പരിഗണിച്ചാണ് സ്പീക്കറുടെ ഈ തീരുമാനം.
Story Highlights: Opposition to raise Thrissur Pooram disruption issue in Kerala Assembly through adjournment motion