കോഴിക്കോട് സ്വദേശികളായ രണ്ട് പേരെ തൃശ്ശൂർ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ഒടിടി പ്ലാറ്റ്ഫോം വഴി പണം നിക്ഷേപിച്ചാൽ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതിനാണ് അറസ്റ്റ്. ചെറുവണ്ണൂർ സ്വദേശി അറഫാസ് (27), ഒളവണ്ണ സ്വദേശി ജംഷാദ് (32) എന്നിവരാണ് പിടിയിലായത്. തൃശ്ശൂർ സ്വദേശിയുടെ കയ്യിൽ നിന്നും 46 ലക്ഷത്തോളം രൂപയാണ് ഇവർ തട്ടിയെടുത്തിരുന്നത്.
പ്ലക്സ് ടിവി ഒടിടി പ്ലാറ്റ്ഫോം വഴി പണം നിക്ഷേപിക്കാൻ നിർബന്ധിക്കുകയും വൻ തുക ലാഭം വാഗ്ദാനം ചെയ്യുകയുമായിരുന്നു പ്രതികളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. തട്ടിപ്പിനിരയായവരിൽ നിന്നും സംഘം തട്ടിയെടുത്ത പണം പല ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിപ്പിച്ച് ഒരു ചെറിയ തുക മാത്രം തിരികെ നൽകുകയും ബാക്കിയുള്ളത് പിൻവലിച്ച് ഇരകളെ ചതിക്കുകയുമായിരുന്നു ഇവർ ചെയ്തിരുന്നത്.
സംഭവത്തിൽ സൈബർ പോർട്ടലിലൂടെ രജിസ്റ്റർ ചെയ്ത പരാതിയിൽ ജില്ലാ പൊലീസ് മേധാവി നവനീത് ശർമയുടെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ. രാജുവിൻെറ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിൽ നാലു പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കയ്പമംഗലം പൊലീസ് ഇൻസ്പെക്ടർ എം.ഷാജഹാൻ, എസ് ഐ കെ.എസ്. സൂരജ്, ഗ്രേഡ് എസ്ഐമാരായ ബിജു, മുഹമ്മദ് സിയാദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഗിരീശൻ, സുനിൽകുമാർ എന്നിവരും അറസ്റ്റ് നടപടികളിൽ പങ്കെടുത്തു.
Story Highlights: Two arrested in Thrissur for Rs 46 lakh OTT investment fraud