തൊടുപുഴ: തൊടുപുഴയിൽ കച്ചവട പങ്കാളിയായ ബിജു ജോസഫിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെയാണ് ബിജുവിനെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. തുടർന്ന് വാഹനത്തിനുള്ളിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം കലയന്താനിയിലെ കേറ്ററിംഗ് ഗോഡൗണിലെ മാൻഹോളിൽ മൃതദേഹം മറവ് ചെയ്തു.
ബിജുവിനെ കാണാനില്ലെന്ന ഭാര്യ മഞ്ജുവിന്റെ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. മുഖ്യപ്രതി ജോമോനാണ് ബിജുവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാൻ ഓടിച്ചിരുന്നത്. ബിജുവിന്റെ ഭാര്യയുടെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തും.
കൊലപാതകത്തിന് ആഴ്ചകൾക്ക് മുമ്പ് തന്നെ ജോമോൻ ക്വട്ടേഷൻ സംഘത്തെ സമീപിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ആദ്യം കൊച്ചിയിലെ ഒരു ഗുണ്ടാത്തലവനെയാണ് ജോമോൻ സമീപിച്ചത്. എന്നാൽ ബിജുവിന്റെ കുടുംബത്തെ അപായപ്പെടുത്താൻ പദ്ധതിയിട്ടതിനെ തുടർന്ന് ആദ്യ പദ്ധതിയിൽ നിന്ന് പിന്മാറുകയായിരുന്നു.
സംഭവദിവസം എറണാകുളത്ത് നിന്ന് തൊടുപുഴയിലെത്തിയ കാപ്പ കേസ് പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. രണ്ടും മൂന്നും പ്രതികളായ ആഷിഖും മുഹമ്മദ് അസ്ലവും ചേർന്നാണ് ബിജുവിനെ ക്രൂരമായി മർദ്ദിച്ചത്. കാപ്പ പ്രകാരം റിമാൻഡിലുള്ള ആഷിഖ് ജോൺസന് വേണ്ടി പോലീസ് പ്രൊഡക്ഷൻ വാറണ്ട് നൽകി.
ബിജുവും ജോമോനും ചേർന്ന് നടത്തിയിരുന്ന കലയന്താനിയിലെ ദൈവമാതാ കേറ്ററിംഗ് സർവീസിലെ സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു. തൊടുപുഴ പോലീസ് കസ്റ്റഡിയിൽ വാങ്ങിയ മൂന്ന് പ്രതികളെയും കൊണ്ട് ഇന്ന് തെളിവെടുപ്പ് നടത്തും.
പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമന പ്രകാരം തലച്ചോറിനേറ്റ ക്ഷതമാണ് മരണകാരണം. ക്രൂരമായ മർദ്ദനമേറ്റതിനെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ബിജുവിന്റെ വലത് കൈയിലെ മുറിവ് എപ്പോൾ സംഭവിച്ചുവെന്ന് വ്യക്തത വരുത്തേണ്ടതുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു. ബിജുവിനെ കടത്തിക്കൊണ്ടുപോയ സ്കൂട്ടറും പോലീസ് കണ്ടെത്തി. ജോമോൻ, മുഹമ്മദ് അസ്ലം, ജോമിൻ എന്നിവരെയാണ് പോലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്.
Story Highlights: Four accused charged with the murder of Biju Joseph in Thodupuzha after a business dispute.