**തിരുവനന്തപുരം◾:** തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഐസിയുവിൽ കിടന്ന യുവതിയെ പീഡിപ്പിച്ച കേസിൽ ആശുപത്രി ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഓർത്തോപീഡിക്സ് വിഭാഗം ജീവനക്കാരനായ ദിൽകുമാർ (52) ആണ് അറസ്റ്റിലായത്. ശസ്ത്രക്രിയക്ക് ശേഷം ഐസിയുവിൽ വിശ്രമത്തിലായിരുന്ന യുവതിയെയാണ് ഇയാൾ പീഡിപ്പിച്ചത്. യുവതിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് പോലീസ് നടപടി.
ഐസിയുവിൽ ഡ്യൂട്ടി കഴിഞ്ഞ് പോകാൻ നേരത്താണ് ദിൽകുമാർ യുവതിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. മയക്കത്തിലായിരുന്ന യുവതിക്ക് ഉടൻ തന്നെ പ്രതികരിക്കാൻ കഴിഞ്ഞില്ല. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
ബന്ധുക്കൾ കാണാനെത്തിയപ്പോഴാണ് യുവതി സംഭവം വിവരിച്ചത്. തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരെ വിവരമറിയിക്കുകയും ആർഎംഒയുടെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം നടത്തുകയും ചെയ്തു. പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയ റിപ്പോർട്ട് ആശുപത്രി സൂപ്രണ്ടിന് സമർപ്പിച്ചു. സൂപ്രണ്ട് മെഡിക്കൽ കോളേജ് പോലീസിൽ വിവരമറിയിച്ചതിനെ തുടർന്നാണ് അറസ്റ്റ്.
ദിൽകുമാറിനെ ആശുപത്രി സൂപ്രണ്ട് സസ്പെൻഡ് ചെയ്തതായി റിപ്പോർട്ടുണ്ട്. അവശതയിലായിരുന്നതിനാൽ യുവതിക്ക് ഉടൻ തന്നെ ബഹളം വെക്കാൻ സാധിച്ചില്ല എന്നും പോലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Story Highlights: A staff member at Thiruvananthapuram Medical College was arrested for assaulting a woman in the ICU.