തൃശൂര് പൂരത്തിലെ ആനയെഴുന്നള്ളിപ്പിനെ സംബന്ധിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച മാര്ഗ്ഗനിര്ദ്ദേശങ്ങള്ക്കെതിരെ തിരുവമ്പാടി ദേവസ്വം രംഗത്തെത്തി. നിലവിലെ നിര്ദ്ദേശങ്ങള് പ്രകാരം മഠത്തില് വരവടക്കമുള്ള ചടങ്ങുകള് നടത്താന് സാധിക്കില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര് വ്യക്തമാക്കി. പൂരം പാടത്തേക്ക് മാറ്റേണ്ടി വരുമെന്നും അദ്ദേഹം വിമര്‍ശിച്ചു.
ആനകള്‍ക്കടുത്തുനിന്ന് എട്ടു മീറ്റര് അകലം പാലിക്കണമെന്ന നിര്ദ്ദേശം പൂരത്തിന്റെ എല്ലാ ചടങ്ങുകളെയും ബാധിക്കുമെന്ന് കെ ഗിരീഷ് കുമാര് അഭിപ്രായപ്പെട്ടു. ഈ നിര്ദ്ദേശം മഠത്തില് വരവ്, ഇലഞ്ഞിത്തറമേളം, തൃശ്ശൂര്പൂരം എന്നിവയെ തകര്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ആനയുടെ മുന്നില് നിന്നോ പിന്നില് നിന്നോ എട്ടു മീറ്റര് അകലം പാലിക്കേണ്ടത് എന്നത് ഉത്തരവില് വ്യക്തമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു ആന വര്ഷത്തില് ശരാശരി 85 പൂരം വരെ എടുക്കാറുണ്ടെന്നും, ബാക്കി ദിവസങ്ങള് വിശ്രമമാണെന്നിരിക്കെ 24 മണിക്കൂര് വിശ്രമം വേണമെന്നത് അപ്രായോഗികമാണെന്നും കെ ഗിരീഷ് കുമാര് വിശദമാക്കി. ഇത് ആനകളുടെ ചിലവുപോലും കണ്ടെത്താന് കഴിയാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ഇന്നലെയാണ് ഹൈക്കോടതി ആനയെഴുന്നള്ളിപ്പിനായി ആരാധനാലയങ്ങള്ക്ക് പ്രത്യേക മാര്ഗനിര്ദേശങ്ങള് മുന്നോട്ട് വച്ചത്. ദിവസം 30 കിലോമീറ്ററില് കൂടുതല് ആനകളെ നടത്തിക്കരുതെന്നും രണ്ട് എഴുന്നള്ളിപ്പുകള്ക്കിടയില് ആനകള്ക്ക് മതിയായ വിശ്രമം ഉറപ്പുവരുത്തണമെന്നും മാര്ഗരേഖയില് പരാമര്‍ശിക്കുന്നു.
Story Highlights: Thiruvambadi Devaswom opposes High Court guidelines on elephant processions in Thrissur Pooram