കൊല്ലം◾: തേവലക്കരയിൽ ഹൈസ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ തദ്ദേശഭരണ വകുപ്പിന് വീഴ്ച പറ്റിയെന്ന് സമ്മതിച്ച് റിപ്പോർട്ട്. സുരക്ഷാ ഭീഷണിയുള്ള രീതിയിൽ വൈദ്യുതി ലൈൻ കടന്നുപോകുന്നത് റിപ്പോർട്ട് ചെയ്യാത്തതിൽ അസിസ്റ്റന്റ് എഞ്ചിനീയറുടെ ഭാഗത്ത് ജാഗ്രത കുറവുണ്ടായെന്നും, അനുമതിയില്ലാത്ത സൈക്കിൾ ഷെഡ് പൊളിച്ചുനീക്കുകയായിരുന്നു ഉചിതമെന്നും റിപ്പോർട്ടിൽ പറയുന്നു. സ്കൂൾ മാനേജ്മെൻ്റിനെതിരെയും റിപ്പോർട്ടിൽ കുറ്റപ്പെടുത്തലുണ്ട്.
തദ്ദേശഭരണ വകുപ്പ് ചീഫ് എഞ്ചിനീയർ സമർപ്പിച്ച രണ്ടാമത്തെ റിപ്പോർട്ടിലാണ് തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിലെ വീഴ്ച സമ്മതിക്കുന്നത്. ആദ്യ റിപ്പോർട്ട് മന്ത്രി എം.ബി.രാജേഷ് തള്ളിയതിനെ തുടർന്നാണ് പുതിയ റിപ്പോർട്ട് സമർപ്പിച്ചത്. 27 കൊല്ലം പഴക്കമുള്ള കെട്ടിടത്തോട് ചേർന്ന് നിർമ്മിച്ച സൈക്കിൾ ഷെഡിന് കെട്ടിട നിർമ്മാണ ചട്ടപ്രകാരം പഞ്ചായത്തിൽ നിന്ന് അനുമതി വാങ്ങിയിട്ടില്ല.
സ്ഥലപരിശോധന നടത്തിയപ്പോൾ ദൂരപരിധി പാലിക്കാതെ ലൈൻ കടന്നുപോകുന്നത് റിപ്പോർട്ട് ചെയ്യാത്തതിൽ മൈനാഗപ്പള്ളി പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ ഭാഗത്ത് ജാഗ്രത കുറവുണ്ടായി. സ്കൂൾ കെട്ടിടത്തിന്റെ ചുവരിനോട് ചേർന്ന് തന്നെയാണ് സൈക്കിൾ ഷെഡ് നിർമ്മിച്ചത്. ഷെഡിന്റെ മേൽക്കൂരക്ക് 88 സെൻ്റീമീറ്റർ മുകളിലൂടെയാണ് ലോ ടെൻഷൻ വൈദ്യുതി ലൈൻ കടന്നുപോകുന്നത്.
അനധികൃതമായി നിർമ്മിച്ച സൈക്കിൾ ഷെഡ് ക്രമവൽക്കരിക്കാൻ സ്കൂൾ മാനേജ്മെന്റിനോട് നിർദ്ദേശിക്കുന്നതിന് പകരം അടിയന്തരമായി പൊളിച്ചു നീക്കാൻ നടപടി സ്വീകരിക്കുകയായിരുന്നു ഉചിതമെന്നും ചീഫ് എഞ്ചിനീയറുടെ റിപ്പോർട്ടിൽ പറയുന്നു. കെഎസ്ഇബിയിൽ നിന്നും സൈക്കിൾ ഷെഡിന് അനുമതി വാങ്ങിയിട്ടില്ല. അനധികൃത നിർമ്മാണം ക്രമവൽക്കരിക്കാൻ രേഖാമൂലം നിർദ്ദേശം നൽകിയിട്ടും സ്കൂൾ മാനേജ്മെന്റ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
അതേസമയം, ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ പൊതു കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് നൽകുന്നതിന് ഒരു കമ്മിറ്റി രൂപീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. തദ്ദേശ ഭരണ വകുപ്പ് എഞ്ചിനീയർക്ക് പുറമേ സ്കൂൾ മാനേജ്മെന്റ് പ്രതിനിധി, പി.ടി.എ പ്രതിനിധി, ഹെഡ്മാസ്റ്റർ, സ്ഥലപരിധിയിലെ കെഎസ്ഇബി പ്രതിനിധി എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിക്കണമെന്നാണ് റിപ്പോർട്ടിലെ ശുപാർശ.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പഞ്ചായത്തിനും സ്കൂൾ മാനേജ്മെൻ്റിനും വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ വീഴ്ചകൾക്ക് കാരണമായ ഉദ്യോഗസ്ഥർക്കെതിരെയും, സ്കൂൾ അധികൃതർക്കെതിരെയും നടപടിയെടുക്കുമെന്നും സൂചനയുണ്ട്.
Story Highlights: തേവലക്കരയിൽ വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവം: പഞ്ചായത്തിനും സ്കൂൾ മാനേജ്മെന്റിനും വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്.