തേങ്കുറിശ്ശി ദുരഭിമാനകൊലയിൽ പ്രതികളുടെ ശിക്ഷാ വിധി തിങ്കളാഴ്ച പ്രഖ്യാപിക്കും. സമൂഹമനസാക്ഷിയെ നടുക്കിയ ഈ കേസിൽ പ്രതികൾക്ക് തൂക്കുകയർ ശിക്ഷ ലഭിക്കണമെന്ന് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത ആവശ്യപ്പെട്ടു. കോടതി വരാന്തയിൽ ഹരിത പൊട്ടിക്കരഞ്ഞപ്പോൾ, തങ്ങൾ ഒരു തെറ്റും ചെയ്തില്ലെന്ന് പ്രതികൾ മാധ്യമങ്ങളോട് പറഞ്ഞു.
കെവിൻ കേസിന് ശേഷം മലയാളിയുടെ ഉള്ള് നീറിച്ച മറ്റൊരു ദുരഭിമാന കൊലയാണ് തേങ്കുറിശ്ശി കൊലപാതകം. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. നടന്നത് അതിക്രൂരമായ കൊലപാതകം അല്ലെന്നും അപൂർവ്വങ്ങളിൽ അപൂർവ്വം അല്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. എന്നാൽ, പ്രതികളായ തന്റെ അച്ഛനും അമ്മാവനും കടുത്ത ശിക്ഷ തന്നെ ലഭിക്കണമെന്ന് കണ്ണീരോടെ ഹരിത കോടതിയിൽ വച്ച് പറഞ്ഞു.
2020-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹരിത എന്ന പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന് പെൺകുട്ടിയുടെ പിതാവ് പ്രഭുകുമാർ, അമ്മാവൻ സുരേഷ് കുമാർ എന്നിവർ ചേർന്ന് ഡിസംബർ 25-ന് അനീഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വിവാഹം കഴിഞ്ഞ് 88-ആം ദിവസത്തിലായിരുന്നു ഈ അരുംകൊല നടന്നത്. കടുത്ത ശിക്ഷ തന്നെ പ്രതികൾക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അനീഷിന്റെ പിതാവും പ്രതികരിച്ചു.
Story Highlights: Verdict in Thenkurissi honor killing case to be announced on Monday, victim’s wife demands death penalty for accused