തൃശൂരിലെ തിരുവില്വാമലയിൽ സ്ഥിതി ചെയ്യുന്ന ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിൽ വൻ മോഷണം നടന്നു. കൗണ്ടറിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തിലധികം രൂപയാണ് കവർന്നത്. നാലമ്പലത്തിന്റെ ഓട് മാറ്റി അകത്ത് കടന്ന മോഷ്ടാവ് കൗണ്ടർ പൊളിച്ചാണ് പണം കൈക്കലാക്കിയത്.
കർക്കിടക മാസമായതിനാൽ ക്ഷേത്രത്തിൽ ഭക്തരുടെ എണ്ണവും വരുമാനവും വർധിച്ചിരുന്നു. കൗണ്ടറിൽ പണം സൂക്ഷിച്ചിട്ടുണ്ടെന്ന് അറിവുള്ള ആളാണ് മോഷണം നടത്തിയതെന്ന് പൊലീസ് നിഗമനം. സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണുവെട്ടിച്ചാണ് മോഷണം നടന്നത്. രാവിലെ ആറുമണിയോടെ കൂടുതൽ ജീവനക്കാരെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
പഴയന്നൂർ പൊലീസ് ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഒരു ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടതായി ദേവസ്വം മാനേജർ അറിയിച്ചു. ക്ഷേത്രത്തിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകത ഈ സംഭവം വ്യക്തമാക്കുന്നു.