താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന്റെ കൊലപാതകക്കേസിലെ പ്രതികളായ വിദ്യാർത്ഥികൾക്ക് നേരെ ഭീഷണി ഉയർത്തി ഊമക്കത്ത് ലഭിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. താമരശ്ശേരി കോരങ്ങാട് GVHSS പ്രധാന അധ്യാപകനാണ് ഈ ഭീഷണിക്കത്ത് ലഭിച്ചത്. കസ്റ്റഡിയിലുള്ള വിദ്യാർത്ഥികളെ വകവരുത്തുമെന്നാണ് കത്തിലെ ഭീഷണി.
പരീക്ഷകൾ തീരുന്നതിനു മുൻപ് വിദ്യാർത്ഥികളെ അപായപ്പെടുത്തുമെന്നും കത്തിൽ പറയുന്നു. വിദ്യാർത്ഥികൾക്ക് ഏതാനും പരീക്ഷകൾ മാത്രമേ എഴുതാൻ ബാക്കിയുള്ളൂ എന്നും കത്തിൽ സൂചിപ്പിക്കുന്നു. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
സ്കൂൾ അധികൃതർ കത്ത് പോലീസിന് കൈമാറിയതിന് പിന്നാലെയാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഷഹബാസ് കൊലപാതകത്തിൽ കൂടുതൽ പേരെ പ്രതിചേർക്കാനുള്ള നീക്കവും പോലീസ് ആരംഭിച്ചിട്ടുണ്ട്. കേസിൽ പിടിയിലായ വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രം വെള്ളിമാട് കുന്നിലേക്ക് മാറ്റുന്നതിന് മുൻപാണ് ഭീഷണിക്കത്ത് ലഭിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്.
ഷഹബാസിനെ ആക്രമിക്കാൻ ഇൻസ്റ്റഗ്രാം ഗ്രൂപ്പിലൂടെ ആഹ്വാനം ചെയ്തവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. നിലവിൽ ആറ് വിദ്യാർത്ഥികളാണ് കസ്റ്റഡിയിലുള്ളത്. കൂടുതൽ വിദ്യാർത്ഥികളുടെ പങ്ക് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. സർക്കാരിലും പോലീസിലും പൂർണ്ണ വിശ്വാസമുണ്ടെന്ന് ഷഹബാസിന്റെ പിതാവ് ഇക്ബാൽ പറഞ്ഞിരുന്നു.
അക്രമം ആസൂത്രണം ചെയ്തതിനാൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ സൂചന. മർദ്ദന സമയത്ത് ഉണ്ടായിരുന്നവരെ കുറിച്ചും വാട്സാപ്പ് ഗ്രൂപ്പിൽ ഉൾപ്പെട്ടിരുന്ന കുട്ടികളെ കുറിച്ചും പോലീസ് അന്വേഷണം നടത്തിവരുന്നു. ഷഹബാസിന്റെ കൊലപാതകം ഏറെ നടുക്കമുണ്ടാക്കിയ സംഭവമായിരുന്നു.
Story Highlights: A threatening letter was received against the students in custody in the murder case of Mohammad Shahbas, a tenth standard student in Thamarassery.