തെലങ്കാനയിലെ കോൺഗ്രസ് സർക്കാരിന് അദാനി കമ്പനി 100 കോടി രൂപയുടെ സാമ്പത്തിക സഹായം നൽകി. സംസ്ഥാനത്ത് സ്കിൽസ് സർവകലാശാല സ്ഥാപിക്കുന്നതിനും യുവാക്കളെ വ്യാവസായിക ജോലികളിൽ കാര്യശേഷിയുള്ളവരാക്കുന്നതിനുമാണ് ഈ സഹായം. ഹൈദരാബാദിൽ വെള്ളിയാഴ്ച നടന്ന യോഗത്തിൽ വച്ച് ഗൗതം അദാനി നേരിട്ടാണ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് തുക കൈമാറിയത്. സഹായം ലഭിച്ച വിവരം പിന്നീട് രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ വെളിപ്പെടുത്തി. സംസ്ഥാനത്തെ ഇനിയും സഹായിക്കുമെന്ന് അദാനി ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ദേശീയ നേതൃത്വത്തിൻ്റെ കണ്ണിലെ കരടായ ഗൗതം അദാനിയിൽ നിന്ന് സംഭാവന സ്വീകരിച്ച കോൺഗ്രസിൻ്റെ നിലപാട് ഇരട്ടത്താപ്പെന്ന് ബി.ജെ.പിയും ബിആർഎസും വിമർശിച്ചു. അദാനിക്കെതിരെ ദിവസവും വിമർശനം ഉന്നയിക്കുന്ന രാഹുൽ ഗാന്ധിയുടെ പാർട്ടി ഭരിക്കുന്ന സംസ്ഥാനത്ത് മുഖ്യമന്ത്രി അദാനിയിൽ നിന്ന് പണം സ്വീകരിച്ചതിൽ ബി.ജെ.പിയാണ് രൂക്ഷമായ പരിഹാസം ഉന്നയിച്ചത്.
ചവിട്ടി പോലെയാണ് കോൺഗ്രസ് മുഖ്യമന്ത്രിമാർ രാഹുൽ ഗാന്ധിയെ പരിഗണിക്കുന്നതെന്ന് അമിത് മാളവ്യ പരിഹസിച്ചു. രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതൃത്വവും മൊദാനി എന്ന് കുറ്റപ്പെടുത്തുമ്പോൾ സംസ്ഥാനത്ത് രേവ്ദാനിയാണ് നടക്കുന്നതെന്നായിരുന്നു ബിആർഎസ് നേതാക്കളും വിമർശനം. കോൺഗ്രസിൻ്റെ ഈ നിലപാട് രാജ്യത്തുടനീളം വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
Story Highlights: Adani Group donates Rs 100 crore to Telangana Congress government for skills university, sparking criticism of double standards