വിമാനങ്ങൾക്ക് നേരെയുണ്ടായ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഒരു കൗമാരക്കാരൻ മുംബൈയിൽ നിന്ന് പിടിയിലായി. സുഹൃത്തിന്റെ പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ട് ഉണ്ടാക്കിയാണ് ഇയാൾ നാല് വിമാനങ്ങൾക്ക് ഭീഷണി മുഴക്കിയത്. സാമ്പത്തിക തർക്കത്തിന് പ്രതികാരമായാണ് ഇയാൾ ഇത്തരത്തിൽ പ്രവർത്തിച്ചതെന്ന് അധികൃതർ അറിയിച്ചു. ഇയാളുടെ ഭീഷണിയെ തുടർന്ന് ഒക്ടോബർ 14 ന് രണ്ട് വിമാനങ്ങൾ വൈകുകയും ഒരെണ്ണം യാത്ര ഒഴിവാക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കിടെ 12 വിമാനങ്ങൾക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉണ്ടായത്. ഇതിൽ ചില വിമാനങ്ങൾ വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതായിരുന്നു. ഇന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ആകാശ എയർ, മുംബൈയിലേക്ക് പുറപ്പെട്ട ഇൻഡിഗോ എന്നിവയ്ക്ക് നേരെയും ബോംബ് ഭീഷണിയുണ്ടായിരുന്നു. ഇതിനെത്തുടർന്ന് ഇരുവിമാനങ്ങളും ഡൽഹിയിലും അഹമ്മദാബാദിലും അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു.
ഇന്ത്യൻ വിമാനക്കമ്പനികളുടെ വിമാനങ്ങൾക്കുനേരെ തുടർച്ചയായുണ്ടാകുന്ന ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഗതാഗത പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി യോഗം ചേർന്നു. ഈ സംഭവങ്ങൾ വിമാന യാത്രക്കാർക്കിടയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. അധികൃതർ സുരക്ഷാ നടപടികൾ കർശനമാക്കിയിട്ടുണ്ടെങ്കിലും, ഇത്തരം ഭീഷണികൾ തടയുന്നതിനുള്ള കൂടുതൽ നടപടികൾ ആവശ്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Also Read; ഇടുക്കിയില് എടിഎം മെഷീന് കുത്തിത്തുറന്ന് മോഷണശ്രമം; മധ്യപ്രദേശ് സ്വദേശികള് പിടിയില്
Story Highlights: Teenager arrested in Mumbai for making bomb threats to four planes using fake social media account