കർണാടകയിലെ ഷിരൂരിൽ കാണാതായ അർജുന്റെ രക്ഷാദൗത്യത്തിനായി തൃശൂരിൽ നിന്നുള്ള ഡ്രഡ്ജിങ് യന്ത്രം സജ്ജമാക്കി. ടെക്നിക്കൽ പരിശോധനയ്ക്കായി തൃശൂരിൽ നിന്നുള്ള സംഘത്തിന് അനുമതി ലഭിച്ചു. ഡ്രഡ്ജിങ് യന്ത്രത്തിന്റെ ഒരു ഓപ്പറേറ്ററും കൃഷിവകുപ്പിലെ ഉദ്യോഗസ്ഥനും ഷിരൂരിലേക്ക് പോകും. അവിടെയെത്തി പരിശോധിച്ച ശേഷമാണ് യന്ത്രം കൊണ്ടുപോകുന്നതിൽ അന്തിമ തീരുമാനം എടുക്കുക.
25 അടി താഴ്ച്ചയിൽ വരെ ചെളി നീക്കം ചെയ്യാൻ കഴിയുന്ന ഈ യന്ത്രം ഗംഗാവാലി പുഴയിലെ അടിയൊഴുക്കിൽ പ്രവർത്തിപ്പിക്കാൻ ആകുമോയെന്ന് പരിശോധിക്കും. കാർഷിക ഗവേഷണ കേന്ദ്രവും കാർഷിക യന്ത്രവത്കരണ മിഷനും ചേർന്ന് പ്രത്യേകം തയ്യാറാക്കിയ ഈ ജലോപരിതല ഡ്രജിങ്ങ് യന്ത്രം കോഴിക്കോട് മറൈൻ ഇൻഡസ്ട്രീസിൽ നിന്നാണ് നിർമ്മിച്ചത്.
രക്ഷാദൗത്യം തുടരണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു. ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് തിരച്ചിൽ തുടരണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതേസമയം, വരുന്ന 21 ദിവസം മഴ പ്രവചിച്ചതിനാൽ കാലാവസ്ഥ അനുകൂലമായാൽ മാത്രം തിരച്ചിൽ നടത്താനുള്ള നീക്കമാണ് നടക്കുന്നത്. എന്നാൽ, തിരച്ചിൽ നിർത്തരുതെന്ന് അർജുന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സർക്കാരും കർണാടക സർക്കാരും വലിയ സഹായമാണ് നൽകിയതെന്ന് അർജുന്റെ സഹോദരി അഞ്ജു പറഞ്ഞു.