ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള മൂന്നാംഘട്ട തിരച്ചിലിന്റെ നാലാം ദിനവും നിരാശയിൽ കലാശിച്ചു. അർജുന്റെ ലോറിയുടെ ഒരു ഭാഗം പോലും കണ്ടെത്താനായില്ല. എന്നാൽ, പുഴയിൽ പതിച്ച ടാങ്കർ ലോറിയുടെ ടയറിന്റെ മഡ് ഗാർഡ് ഭാഗം മാത്രമാണ് ഇന്ന് കണ്ടെത്തിയത്.
ലക്ഷ്മൺ നായിക്കിന്റെ ചായക്കട സ്ഥിതി ചെയ്തിരുന്നതിന് സമീപം കരയോട് ചേർന്ന ഭാഗത്ത് നിന്നാണ് ഈ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഡ്രഡ്ജിങ് കമ്പനിയുടെ മുങ്ങൽ വിദഗ്ധർ നടത്തിയ പരിശോധനയിലാണ് ഈ ഭാഗം കണ്ടെത്തിയത്. പിന്നീട് ഡ്രഡ്ജറിലെ ക്രെയ്ൻ ഉപയോഗിച്ച് ഇത് ഉയർത്തി.
റിട്ട. മേജർ ജനറൽ എം. ഇന്ദ്രബാലൻ CP4 കേന്ദ്രീകരിച്ച് വിശദമായ തിരച്ചിൽ നടത്തിയാൽ ലോറി കണ്ടെത്താനാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു.
ഐബോഡ് ഡ്രോൺ പരിശോധനയിൽ കണ്ടെത്തിയ നാല് സ്പോട്ടുകളാണ് അദ്ദേഹം ദൗത്യ സംഘത്തിന് വീണ്ടും അടയാളപ്പെടുത്തി നൽകിയത്. കരയിൽ നിന്ന് 132 മീറ്റർ അകലെയുള്ള CP4-ൽ കൂടുതൽ ലോഹസാന്നിധ്യമുണ്ടെന്നാണ് വിലയിരുത്തൽ. ഓരോ സ്പോട്ടിലും 30 മീറ്റർ ചുറ്റളവിൽ മണ്ണ് നീക്കം ചെയ്യാനാണ് തീരുമാനം.
ശക്തമായ ലോഹ സാന്നിധ്യമുണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞ സ്പോട്ട് ഫോറിലേക്ക് തിരച്ചിൽ വ്യാപിച്ചിട്ടും ഫലം നിരാശാജനകമാണ്. ശക്തമായ മഴ ദൗത്യത്തെ ദുഷ്കരമാക്കുമെന്ന് ഇന്ദ്രബാലൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
Story Highlights: Shirur search continues for fourth day, only mud guard of tanker lorry found