ടാറ്റ ട്രസ്റ്റിന്റെ അധ്യക്ഷനായി നോയൽ ടാറ്റയെ പ്രഖ്യാപിച്ചതിനെ തുടർന്ന് ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള പല കമ്പനികളുടെയും ഓഹരി മൂല്യത്തിൽ ഗണ്യമായ വർധനവുണ്ടായി. ട്രൻ്റ് ലിമിറ്റഡ്, ടാറ്റ കെമിക്കൽസ്, ടാറ്റ ഇൻവെസ്റ്റ്മെൻ്റ് കോർപറേഷൻ എന്നീ കമ്പനികളുടെ ഓഹരി മൂല്യമാണ് പ്രധാനമായും ഉയർന്നത്. രത്തൻ ടാറ്റയുടെ വിയോഗത്തിന് പിന്നാലെ ചേർന്ന ബോർഡ് യോഗമാണ് നോയൽ ടാറ്റയെ ടാറ്റ ട്രസ്റ്റിന്റെ ചെയർമാനായി നിയമിച്ചത്.
ടാറ്റ സൺസിന്റെ 66 ശതമാനം ഓഹരികളും കൈകാര്യം ചെയ്യുന്നത് ടാറ്റ ട്രസ്റ്റാണ്. ടാറ്റ ഗ്രൂപ്പിന്റെ മാതൃകമ്പനിയായ ടാറ്റ സൺസിന്റെ സ്ഥിരതയാർന്ന മുന്നേറ്റത്തിന് നോയൽ ടാറ്റയുടെ നിയമനം ഗുണകരമാകുമെന്ന വിലയിരുത്തലാണ് ഓഹരി നേട്ടത്തിന് കാരണമായതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ട്രൻ്റ് ലിമിറ്റഡിന്റെ ഓഹരി വില മൂന്ന് ശതമാനം ഉയർന്ന് 8308.8 രൂപയിലെത്തി. 2014 മുതൽ നോയൽ ടാറ്റ ഈ കമ്പനിയുടെ ചെയർമാനായിരുന്നു, അദ്ദേഹം ചുമതലയേറ്റ ശേഷം കമ്പനിയുടെ ഓഹരി വില 6000 ശതമാനം വർധിച്ചിരുന്നു.
ടാറ്റ സ്റ്റീലിന്റെ ഓഹരി 2.54 ശതമാനം ഉയർന്ന് 163.78 രൂപയിലെത്തി. വോൾട്ടാസിന്റെ ഓഹരി 0.55 ശതമാനം വളർന്ന് 1786 രൂപയിലെത്തി. ടാറ്റ ഇൻവെസ്റ്റ്മെൻ്റ് കോർപറേഷന്റെ ഓഹരി 2.12 ശതമാനം ഉയർന്ന് 1175.6 രൂപയിലും, ടാറ്റ കെമിക്കൽസിന്റെ ഓഹരി മൂന്ന് ശതമാനത്തോളം വളർന്ന് 1185 രൂപയിലുമെത്തി. ഇന്നലെ വ്യാപാരം അവസാനിച്ചപ്പോൾ കമ്പനികളുടെ ഓഹരി 16.60 രൂപയിലാണ് ക്ലോസ് ചെയ്തത്.
Story Highlights: Tata group stocks surge as Noel Tata appointed chairman of Tata Trusts