ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിന് ശേഷം പാകിസ്താൻ ഓഹരി വിപണിയിൽ ഇടിവ് സംഭവിച്ചു. ഇതിനു പിന്നാലെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഇന്ത്യയ്ക്കെതിരായ ഏത് നടപടിയ്ക്കും സൈന്യത്തിന് പൂർണ്ണ അധികാരം നൽകി. പാകിസ്താനിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ച് ഏകദേശം 5.5 ശതമാനം വരെ തകർച്ച നേരിട്ടു.
പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, പാകിസ്താൻ സൈന്യം എങ്ങനെ പ്രതികരിക്കണമെന്ന് തീരുമാനിക്കും. അതേസമയം, ഇന്ത്യ ആക്രമണം നിർത്തിയാൽ തങ്ങളും ഒരു നടപടിയും സ്വീകരിക്കില്ലെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് അറിയിച്ചു. ഓപ്പറേഷൻ സിന്ദൂരിന് ശേഷം ഇന്ത്യൻ ഓഹരി വിപണിയിൽ വലിയ രീതിയിലുള്ള ചാഞ്ചാട്ടം പ്രകടമായി.
പാകിസ്താനിലെ പ്രധാന ഓഹരി വിപണി സൂചികയായ കറാച്ചി -100 ബുധനാഴ്ചത്തെ ആദ്യ വ്യാപാരത്തിൽ തന്നെ 6,272 പോയിന്റ് ഇടിഞ്ഞു, ഇത് ഏകദേശം 6 ശതമാനത്തോളം താഴേക്കാണ് പോയത്. ചൊവ്വാഴ്ചത്തെ ക്ലോസിംഗ് പോയിന്റായ 113,568.51 നെ അപേക്ഷിച്ച് 107,296.64 എന്ന ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇത് എത്തിച്ചേർന്നു. അർദ്ധരാത്രിക്ക് ശേഷം ഇന്ത്യ പാകിസ്താനിൽ ആക്രമണം നടത്തിയതാണ് വിപണിയിൽ ഇത്രയധികം സമ്മർദ്ദമുണ്ടാകാൻ കാരണം. ഈ സാഹചര്യത്തിൽ അടിയന്തരമായി നേരിടാൻ തയ്യാറായിരിക്കാൻ ആശുപത്രികൾക്കും പാക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇന്ത്യൻ സേനയുടെ ആക്രമണത്തിന് മറുപടി നൽകാൻ സൈന്യത്തിന് പൂർണ്ണ അധികാരം നൽകിയിട്ടുണ്ട്. പാകിസ്താൻ നാഷണൽ സെക്യൂരിറ്റി കൗൺസിൽ യോഗത്തിലെ പ്രധാന തീരുമാനങ്ങളിൽ ഒന്നാണിത്. സൈന്യത്തിന് തിരിച്ചടിയുടെ രീതി, സമയം, ലക്ഷ്യം എന്നിവ തീരുമാനിക്കാം.
വ്യാഴാഴ്ച രാവിലെ ഇന്ത്യൻ ഓഹരി വിപണിയിൽ കുത്തനെ ഇടിവുണ്ടായെങ്കിലും പിന്നീട് പെട്ടെന്ന് തന്നെ തിരിച്ചുവരവ് ഉണ്ടായി. സെൻസെക്സ് ഇന്നലത്തെ ക്ലോസിംഗ് ലെവലായ 80,641.07 ൽ നിന്ന് 692 പോയിന്റ് താഴ്ന്ന് 79,948.80 ലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് 200 പോയിന്റോളം തിരികെ പിടിച്ചുകൊണ്ട് 80,845 ൽ എത്തി.
ഇന്ത്യൻ സൈന്യം ആരെയും പിടികൂടുകയോ തടവുകാരായി കൊണ്ടുപോകുകയോ ചെയ്തിട്ടില്ലെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പിന്നീട് വ്യക്തമാക്കി. നേരത്തെ, പാകിസ്താൻ മൂന്ന് ഇന്ത്യൻ സൈനികരെ യുദ്ധത്തടവുകാരായി പിടികൂടിയെന്ന് ആസിഫ് പ്രസ്താവന നടത്തിയിരുന്നു, എന്നാൽ ഇത് പിന്നീട് പിൻവലിച്ചു. ഇന്ത്യൻ സൈന്യം പാകിസ്താനിലെ തീവ്രവാദ ക്യാമ്പുകളിൽ ഓപ്പറേഷൻ സിന്ദൂർ നടത്തിയതിന് പിന്നാലെയാണ് ഖ്വാജ ആസിഫിന്റെ പ്രതികരണം.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ തുടർച്ചയായി ഇന്ത്യക്കെതിരെ പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയ പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് നിലപാട് മാറ്റാൻ തയ്യാറായി. ഇന്ത്യ ആക്രമണം നിർത്തിയാൽ, തങ്ങളും ഒരു നടപടിയും സ്വീകരിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “ഇത് ഇന്ത്യ മുൻകൈയെടുത്തതാണ്. ഇന്ത്യ പിന്മാറാൻ തയ്യാറാണെങ്കിൽ സംഘർഷത്തിന് അയവ് വരുത്താം, ഇന്ത്യ ഇനി ആക്രമണം നടത്താതിരുന്നാൽ പാകിസ്താനും പിന്മാറാം. ഇന്ത്യയ്ക്കെതിരെ ശത്രുതയുള്ള ഒരു നടപടിയും ഞങ്ങൾ ഒരിക്കലും സ്വീകരിക്കില്ല. പക്ഷേ, ഞങ്ങൾ ആക്രമിക്കപ്പെട്ടാൽ, ഞങ്ങൾ പ്രതികരിക്കും. ഇന്ത്യ പിന്മാറിയാൽ, ഞങ്ങൾ തീർച്ചയായും ഈ ആക്രമണം അവസാനിപ്പിക്കും. “- ആസിഫ് പറഞ്ഞു.
- ഇന്ത്യൻ സേന നടത്തുന്ന ആക്രമണത്തിന് മറുപടി നൽകാൻ സൈന്യത്തിന് അധികാരം. തിരിച്ചടിയുടെ രീതി , സമയം, ലക്ഷ്യം എന്നിവ സൈന്യത്തിന് തീരുമാനിക്കാം
- ഇന്ത്യൻ സൈന്യം നടത്തിയത് ആക്ട് ഓഫ് വാർ
- ഇന്ത്യ ആക്രമണം നടത്തിയത് ഭാവനാത്മക ഭീകരതാവളങ്ങൾ
- ആക്രമണത്തിലെ ലക്ഷ്യം ഇന്ത്യയെ നയിക്കുന്നവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി
പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂരിലൂടെ പാകിസ്താന് ശക്തമായ മറുപടി നൽകി ഇന്ത്യ. പുലർച്ചെ 1:05 ന് നടന്ന ആക്രമണത്തിൽ പാകിസ്താനിലെ 9 തീവ്രവാദ കേന്ദ്രങ്ങൾ ഇന്ത്യ തകർത്തു. ജെയ്ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസറിൻ്റെ 10 കുടുംബാംഗങ്ങളെങ്കിലും ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഏകദേശം 70 ഭീകരരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. പ്രകോപനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകി.
Story Highlights: ഓപ്പറേഷൻ സിന്ദൂരിന് ശേഷം പാകിസ്താൻ ഓഹരി വിപണി ഇടിഞ്ഞു, കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ച് 5.5% തകർച്ച നേരിട്ടു.