താനൂരിൽ നിന്ന് കാണാതായ രണ്ട് പെൺകുട്ടികളെ പൂനെയിൽ നിന്ന് കണ്ടെത്തിയതായി പോലീസ് അറിയിച്ചു. പെൺകുട്ടികളെ കണ്ടെത്താൻ സഹായിച്ച എല്ലാവരോടും കുടുംബം നന്ദി അറിയിച്ചു. പെൺകുട്ടികളെ കോടതിയിൽ ഹാജരാക്കിയ ശേഷം രക്ഷിതാക്കൾക്ക് വിട്ടുനൽകും.
പൂനെയിൽ നിന്ന് പനവേലിലേക്ക് റോഡ് മാർഗം എത്തിച്ച ശേഷം ഗരീബ് രഥ് എക്സ്പ്രസിൽ കുട്ടികളുമായി പോലീസ് സംഘം നാട്ടിലേക്ക് തിരിച്ചു. കുട്ടികളോടൊപ്പം യാത്ര ചെയ്ത യുവാവിന്റെ മൊഴി കേരളത്തിൽ എത്തിയ ശേഷം രേഖപ്പെടുത്തും. യുവാവിന് ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നാണ് പ്രാഥമിക വിവരം.
ബുധനാഴ്ച ഉച്ചയ്ക്ക് സ്കൂൾ യൂണിഫോമിൽ വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടികൾ യൂണിഫോം മാറ്റി മറ്റൊരു വസ്ത്രം ധരിച്ച് തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറി. താനൂർ ദേവദാർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളാണ് ഇരുവരും. വീട്ടിൽ നിന്നും പരീക്ഷയെഴുതാൻ പോകുന്നുവെന്ന് പറഞ്ഞാണ് പെൺകുട്ടികൾ ഇറങ്ങിയത്.
പൂനെയിലെത്തിയ കുട്ടികളെ റെയിൽവേ പൊലീസ് സ്റ്റേഷനിലും പിന്നീട് സസ്സൂൺ ആശുപത്രിയിലും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി. മുംബൈയിൽ നിന്ന് റോഡ് മാർഗം പൂനെയിലെത്തിയ താനൂർ പോലീസ് സംഘം കുട്ടികളെ ഏറ്റുവാങ്ങി.
കുട്ടികളുടെ ഫോണിലേക്ക് അവസാനം വന്ന കോൾ ഒരേ നമ്പറിൽ നിന്നായിരുന്നു. ഈ നമ്പർ മലപ്പുറം സ്വദേശിയുടെ പേരിലാണെന്നും ലൊക്കേഷൻ മഹാരാഷ്ട്രയാണെന്നും പോലീസ് കണ്ടെത്തി. കുട്ടികൾ കോഴിക്കോടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കളും പൊലീസും കോഴിക്കോട് കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ കുട്ടികളെ കണ്ടെത്താനായില്ല. തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിയ കുട്ടികളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
നാട്ടിൽ തിരിച്ചെത്തിയാൽ ഉള്ള പ്രതികരണങ്ങളെ കുറിച്ചാണ് കുട്ടികളുടെ ആശങ്ക. കുട്ടികൾക്കും രക്ഷിതാക്കൾക്കും കൗൺസിലിംഗ് നൽകുമെന്ന് പോലീസ് അറിയിച്ചു.
Story Highlights: Two girls missing from Tanur were found in Pune and are being brought back to Kerala by police.