താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ പൂനെയിൽ നിന്ന് കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഇന്ന് ഉച്ചയോടെ കുട്ടികളെ മലപ്പുറം താനൂരിലെത്തിക്കും. കോടതിയിൽ ഹാജരാക്കിയ ശേഷം രക്ഷിതാക്കൾക്കൊപ്പം വിടും. കുട്ടികൾക്ക് കൗൺസിലിംഗും രക്ഷിതാക്കൾക്ക് ബോധവൽക്കരണവും നൽകുമെന്ന് അധികൃതർ അറിയിച്ചു.
പെൺകുട്ടികൾക്കൊപ്പം യാത്ര ചെയ്ത മലപ്പുറം എടവണ്ണ സ്വദേശി റഹിം അസ്ലമിനെ പോലീസ് കസ്റ്റഡിയിലെടുത്തേക്കും. മുംബൈയിൽ നിന്ന് ഇന്ന് രാവിലെ ഇയാൾ നാട്ടിലെത്തുമെന്നാണ് വിവരം. പെൺകുട്ടികൾ നാടുവിട്ടതിൽ ഇയാൾക്ക് പങ്കുണ്ടെന്ന് വ്യക്തമായാൽ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി. ബുധനാഴ്ച ഉച്ചയ്ക്ക് സ്കൂൾ യൂണിഫോമിലാണ് പെൺകുട്ടികൾ വീട്ടിൽ നിന്ന് ഇറങ്ങിയത്.
യൂണിഫോം മാറ്റി മറ്റൊരു വസ്ത്രം ധരിച്ച് തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറുകയായിരുന്നു. താനൂർ ദേവദാർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളാണ് ഇരുവരും. പരീക്ഷയെഴുതാൻ പോകുന്നുവെന്ന് വീട്ടിൽ പറഞ്ഞാണ് പെൺകുട്ടികൾ ഇറങ്ങിയത്. ഇരുവരുടെയും ഫോണിലേക്ക് അവസാനം വന്ന കോൾ ഒരേ നമ്പറിൽ നിന്നായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
ഈ നമ്പറിന്റെ ലൊക്കേഷൻ പരിശോധിച്ചപ്പോൾ മലപ്പുറം സ്വദേശിയുടെ പേരിലാണ് സിം എടുത്തിരിക്കുന്നതെന്നും ലൊക്കേഷൻ മഹാരാഷ്ട്രയാണെന്നും വിവരം ലഭിച്ചു. പെൺകുട്ടികൾ കോഴിക്കോടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കളും പോലീസും കോഴിക്കോട് കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ കുട്ടികളെ കണ്ടെത്താനായില്ല. തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിയ പെൺകുട്ടികളുടെ സിസിടിവി ദൃശ്യം നേരത്തെ പുറത്തുവന്നിരുന്നു.
Story Highlights: Two missing girls from Tanur, Kerala, found in Pune and will be returned home today.