താനൂരിൽ നിന്നും പെൺകുട്ടികളെ മുംബൈയിലേക്ക് കടത്തിക്കൊണ്ടുപോകാൻ സഹായിച്ച യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എടവണ്ണ സ്വദേശിയായ റഹിം അസ്ലമിനെയാണ് മുംബൈയിൽ നിന്നും മടങ്ങിയെത്തിയപ്പോൾ തിരൂരിൽ വെച്ച് താനൂർ പോലീസ് പിടികൂടിയത്. പെൺകുട്ടികളെ പൂനെയിൽ നിന്നും കണ്ടെത്തിയ പോലീസ് ഇന്ന് ഉച്ചയോടെ മലപ്പുറം താനൂരിലെത്തിക്കും.
താനൂർ ദേവദാർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനികളായ രണ്ട് പെൺകുട്ടികളാണ് ബുധനാഴ്ച ഉച്ചയ്ക്ക് സ്കൂൾ യൂണിഫോമിൽ വീട്ടിൽ നിന്നിറങ്ങിയത്. യൂണിഫോം മാറ്റി മറ്റൊരു വസ്ത്രം ധരിച്ച് തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇവർ ട്രെയിൻ കയറിയത്. പരീക്ഷയെഴുതാൻ പോകുന്നുവെന്ന് വീട്ടിൽ പറഞ്ഞാണ് പെൺകുട്ടികൾ ഇറങ്ങിയത്.
കോടതിയിൽ ഹാജരാക്കിയ ശേഷം കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിടും. വിദ്യാർത്ഥികൾക്ക് കൗൺസിലിംഗും രക്ഷിതാക്കൾക്ക് ബോധവൽക്കരണവും നൽകുമെന്ന് പോലീസ് അറിയിച്ചു. ഇരുവരുടെയും ഫോണിലേക്ക് അവസാനം വന്ന കോൾ ഒരേ നമ്പറിൽ നിന്നായിരുന്നുവെന്നും അന്വേഷണത്തിൽ നിർണായകമായ വിവരമാണിതെന്നും പോലീസ് പറഞ്ഞു.
ഈ നമ്പറിന്റെ ലൊക്കേഷൻ പരിശോധിച്ചപ്പോൾ മലപ്പുറം സ്വദേശിയുടെ പേരിലാണ് സിം എടുത്തിരിക്കുന്നതെന്നും ലൊക്കേഷൻ മഹാരാഷ്ട്രയാണെന്നും വിവരം ലഭിച്ചു. പെൺകുട്ടികൾ കോഴിക്കോടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കളും പോലീസും കോഴിക്കോട് കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല.
പെൺകുട്ടികൾ തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിയ സിസിടിവി ദൃശ്യം നേരത്തെ പുറത്ത് വന്നിരുന്നു. ഈ ദൃശ്യങ്ങളും അന്വേഷണത്തിൽ നിർണായകമായി. റഹിം അസ്ലമിന്റെ പങ്ക് കൂടുതൽ അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.
Story Highlights: A youth has been taken into custody for helping two girls from Tanur flee to Mumbai.